‘യുവാക്കൾ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേൾക്കൂ’ ജൻസി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി

കൊച്ചി: ഡൽഹിയിലെ ജന്തർ മന്ദറിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടൻ മമ്മൂട്ടി. യുവാക്കൾ രാജ്യത്തിന്റെ സമ്പത്താണെന്നും അവരുടെ ശബ്ദം കേൾക്കണമെന്നും മമ്മൂട്ടി വ്യക്തമാക്കി. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രതികരണം.

'യുവാക്കളാണ് നമ്മുടെ രാജ്യത്തിന്റെ യഥാർഥ സമ്പത്ത്. അവരെ കേൾക്കണം, സംരക്ഷിക്കണം, കരുത്തേകണം'-മമ്മൂട്ടി കുറിച്ചു. നേരത്തെ മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാനും വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായെത്തിയിരുന്നു.

നടൻമാരായ ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, കാളിദാസ് ജയറാം, ജോർജു ജോർജ്, നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, നിഖില വിമൽ, വിസ്മയ മോഹൻലാൽ എന്നിവരും വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവെച്ചിരുന്നു. ഭിന്നിപ്പുകളിലൂടേയും ആക്രമണങ്ങളിലൂടെയുമല്ല, മറിച്ച സഹാനുഭൂതിയിലൂടെയാണ് കരുത്തുറ്റ ഭാവി കെട്ടിപ്പടുക്കേണ്ടത് എന്നാണ് ദുൽഖർ കുറിച്ചത്.

കൂടാതെ ജന്തർ മന്ദറിലെ സമരവേദിയിൽ സിനിമാ താരങ്ങളായ പ്രകാശ് രാജ്, ഷബാന ആസ്മി എന്നിവർ എത്തിയിരുന്നു. ഇരുവരും വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ച് സംസാരിക്കുകയും ചെയ്തു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് ഡൽഹിയിൽ വിദ്യാർഥികളും കോക്രോച്ച് ജനതാ പാർട്ടിയും പ്രക്ഷോഭം നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News