കൊവിഡിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു; സംസ്ഥാന സര്‍ക്കാരും ആരോഗ്യ മന്ത്രിയും അവാര്‍ഡുകള്‍ തിരിച്ച് കൊടുക്കണമെന്ന് ബെന്നി ബഹനാന്‍

കൊച്ചി: സംസ്ഥാനത്തു കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍. ഏറ്റവും കൂടുതല്‍ കൊറോണ ബാധിച്ച സ്ഥലമായി കേരളം മാറിയെന്നും കൊവിഡ് കണക്കുകളിലും ടെസ്റ്റുകളിലും സര്‍ക്കാര്‍ കള്ളത്തരം കാണിച്ചെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബെന്നി ബെഹനാന്‍ ആരോപിച്ചു.

രാഷ്ട്രീയ നേട്ടത്തിനായി മഹാമാരിയെ ഉപയോഗിച്ച സര്‍ക്കാരാണ് സംസ്ഥാനത്തേത്. കള്ളക്കണക്കുകളാണ് പുറത്തുവിട്ടത്. ടെസ്റ്റുകളുടെ കണക്കിലും മരിച്ചവരുടെ കണക്കിലും കള്ളങ്ങള്‍ പ്രചരിപ്പിച്ചു. ടെസ്റ്റില്‍ കൃത്രിമം നടത്തി. 90 ലക്ഷം ടെസ്റ്റുകള്‍ മാത്രമാണ് കേരളത്തില്‍ നടത്തിയത്. മറ്റ് സംസ്ഥാനത്തില്‍ രണ്ട് കോടിയിലധികം ടെസ്റ്റുകള്‍ നടത്തി. അദ്ദേഹം തുറന്നടിച്ചു.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപിച്ച സ്ഥലമായി കേരളം മാറി. എന്നിട്ടും അതിനെ ചെറുക്കാനായി ഒന്നും ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും മന്ത്രിയും ഇതിന്റെ പേരില്‍ കിട്ടിയ അവാര്‍ഡുകള്‍ തിരിച്ച് കൊടുക്കണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News