മരിക്കാൻ പോകുന്നു, പുലർച്ചെ ഭർത്താവിന് സന്ദേശം; രാവിലെ രണ്ടുമക്കളും മാതാവും മരിച്ചനിലയിൽ

മലപ്പുറം: കോട്ടയ്ക്കല്‍ ചെട്ടിയാംകിണറില്‍ രണ്ടുമക്കളെ കൊലപ്പെടുത്തി ജീവനൊടുക്കുന്നതിന് മുമ്പ് യുവതി ഭര്‍ത്താവിന് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നതായി വിവരം. ചെട്ടിയാംകിണര്‍ നാവുന്നത് റാഷിദ് അലിയുടെ ഭാര്യ സഫ്‌വ(26)യാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും മുമ്പ് ഭര്‍ത്താവിന് സന്ദേശമയച്ചത്. താന്‍ മരിക്കാന്‍ പോവുകയാണെന്നായിരുന്നു പുലര്‍ച്ചെ മൂന്നുമണിക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നത്.

വ്യാഴാഴ്ച രാവിലെയാണ് സഫ്‌വ മക്കളായ ഫാത്തിമ മര്‍സീഹ(നാല്) മറിയം(ഒന്ന്) എന്നിവരെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവായ റാഷിദ് അലി തന്നെയാണ് വിവരം മറ്റുള്ളവരെയും പോലീസിനെയും അറിയിച്ചത്. മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങിമരിച്ചെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. വിഷം നല്‍കിയാണ് മക്കളെ കൊലപ്പെടുത്തിയതെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തമാവുകയുള്ളൂവെന്നാണ് പോലീസിന്റെ പ്രതികരണം.

കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പ്രവാസിയായിരുന്ന ഭര്‍ത്താവ് റാഷിദ് അലി ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. കഴിഞ്ഞദിവസം രാത്രി സഫ്‌വയും മക്കളും ഒരു മുറിയിലും ഭര്‍ത്താവ് മറ്റൊരു മുറിയിലുമാണ് ഉറങ്ങിയത്.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് താന്‍ മരിക്കാന്‍ പോവുകയാണെന്ന് സഫ്‌വ ഭര്‍ത്താവിന് വാട്‌സാപ്പ് സന്ദേശം അയച്ചത്. എന്നാല്‍ മറ്റൊരു മുറിയിലായിരുന്ന റാഷിദ് അലി ഉറക്കം എഴുന്നേറ്റ ശേഷമാണ് ഈ സന്ദേശം കണ്ടതെന്നും തുടര്‍ന്ന് മുറി പരിശോധിച്ചപ്പോള്‍ മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയെന്നുമാണ് പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News