തുടയില്‍ എടുക്കേണ്ട കുത്തിവെയ്പ്പ് എടുത്തത് മുട്ടില്‍; ഒന്നരവയസുകാരന്‍ ചികിത്സയില്‍

കൊല്ലം: ഒന്നരവയസുകാരന് പ്രതിരോധ കുത്തിവയ്പ്പ് എടുത്ത സ്ഥാനം മാറിയതായി പരാതി. തുടയില്‍ എടുക്കേണ്ട കുത്തിവയ്പ്പ് മുട്ടില്‍ എടുത്തതോടെ മുഖത്തല സ്വദേശിയായ ഒന്നര വയസുകാരന്‍ ആശുപത്രിയില്‍ ചികിത്സയില്‍. തൃക്കോവില്‍വട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഗുരുതര ചികിത്സാ പിഴവ് ഉണ്ടായിരിക്കുന്നത്.

ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് പ്രതിരോധ കുത്തിവയ്‌പ്പെടുകാന്‍ മാതാപിതാക്കള്‍ മുഹമ്മദ് ഹംദാനെ തൃക്കോവില്‍വട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ട് പോയത്. തുടയില്‍ എടുക്കേണ്ട ഇഞ്ചക്ഷന്‍ സ്ഥാനം തെറ്റിച്ച് മുട്ടിലെടുത്തു. അന്നുതന്നെ ഹംദാന് ചെറിയ വേദന അനുഭവപ്പെട്ടു. പിന്നാലെ നടക്കാനും ബുദ്ധിമുട്ടായി. ഇപ്പോള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഹംദാന്‍.

മുഖ്യമന്ത്രി, ആരോഗ്യമന്ത്രി ഡിഎംഒ എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കി. ഡി.എം.ഒ ഓഫീസില്‍ നിന്ന് നിയോഗിച്ച ഉദ്യോഗസ്ഥര്‍ പ്രാഥമികമായി അന്വേഷണം നടത്തി. പ്രാഥമിക അന്വേഷണത്തില്‍ കുത്തിവെപ്പ് എടുത്ത നഴ്‌സിന് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ കുത്തിവെപ്പ് എടുത്ത സമയത്ത് കുട്ടി കാല്‍ വലിച്ചതുകൊണ്ടാണ് സ്ഥാനം തെറ്റിയത് എന്ന വിചിത്ര വാദമാണ് ആശുപത്രി അധികൃതരുടേത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News