സമൂഹം ഒറ്റപ്പെടുത്തി; പീഡനത്തിനിരയായ പത്ത് വയസുകാരിയുടെ പിതാവ് ജീവനൊടുക്കിയത് സമീപവാസികളുടെ കളിയാക്കലിനെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

കോട്ടയം: കുറിച്ചിയില്‍ പീഡനത്തിനിരയായ പത്ത് വയസുകാരിയുടെ പിതാവ് ജീവനൊടുക്കിയത് സമീപവാസികളുടെ കളിയാക്കലിനെ തുടര്‍ന്നെന്ന് ബന്ധുക്കള്‍. പീഡന പരാതിക്ക് ശേഷം പുറത്തിറങ്ങാന്‍ പറ്റാത്ത രീതിയില്‍ സമൂഹം ഒറ്റപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ പണം വാങ്ങിയെന്ന് ചിലര്‍ പ്രചാരണം നടത്തി. കഴിഞ്ഞ ദിവസവും വീടിന് പുറത്തിറങ്ങിയപ്പോള്‍ സംശയത്തോടെയാണ് ആളുകള്‍ നോക്കിയത്. ഇതൊക്കെ പെണ്‍കുട്ടിയുടെ പിതാവിന് വലിയ മനോവിഷമമുണ്ടാക്കിയെന്നും തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.

കുട്ടിയ്‌ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതല്‍ പിതാവ് മനോവിഷമത്തില്‍ ആയിരുന്നു. പെണ്‍കുട്ടിയെ ഒരു മാസത്തോളം പീഡിപ്പിച്ച പലചരക്ക് കടയുടമ ശനിയാഴ്ചയാണ് അറസ്റ്റിലായത്. കുറിച്ചി സ്വദേശി യോഗിദാസന്‍ (74) ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. ചങ്ങനാശ്ശേരിയില്‍ പലചരക്ക് കട നടത്തുകയായിരുന്നു യോഗിദാസന്‍. സാധനം വാങ്ങാനായി പെണ്‍കുട്ടി കടയിലെത്തിയപ്പോഴാണ് ഇയാള്‍ പീഡിപ്പിച്ചത്.

വിവരം പുറത്തുപറയാതിരിക്കാന്‍ പ്രതി കുട്ടിക്ക് മിഠായിയും നല്‍കിയിരുന്നു. കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം തോന്നിയ മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News