KeralaNews

വന്ദേഭാരതിനായി മറ്റ് തീവണ്ടികൾ വഴിയിൽ പിടിച്ചിടുന്നു,സ്ഥിരംയാത്രക്കാര്‍ക്ക് കോടാലിയായി പ്രീമിയം ട്രെയിന്‍

കൊല്ലം: വന്ദേഭാരതിനായി മറ്റ് എക്സ്‌പ്രസ് തീവണ്ടികൾ ഏറെ നേരം പിടിച്ചിടുന്നത് മൂലം യാത്രക്കാർ വലയുന്നു. രാജധാനി, ഏറനാട്, പാലരുവി, ഇന്റർസിറ്റി തുടങ്ങിയ തീവണ്ടികളെല്ലാം ഇതുമൂലം ഏറെ വൈകുന്നുണ്ട്. 20 മുതൽ 45 മിനിറ്റുവരെ തീവണ്ടികൾ പിടിച്ചിടുന്നതോടെ പതിവു യാത്രക്കാർ ദുരിതത്തിലായി. രണ്ടാം വന്ദേഭാരത് തീവണ്ടികൂടി എത്തിയതോടെയാണ് മറ്റ് തീവണ്ടികളുടെ സമയക്രമം മാറിയത്.

പുലർച്ചെയുള്ള വേണാടിന്റെ സമയം പുനഃക്രമീകരിച്ചതോടെ യാത്രക്കാർ പ്രതിഷേധത്തിലായി. മുമ്പ് രാവിലെ 5.05-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടിരുന്ന വേണാട്, എറണാകുളത്ത് ഓഫീസുകളിൽ ജോലിചെയ്യുന്നവർക്ക് സമയത്ത് എത്താൻ സൗകര്യമായിരുന്നു. വേണാടിന്റെ സമയം രണ്ടുതവണ പുനഃക്രമീകരിച്ച്, ഇപ്പോൾ രാവിലെ 5.25-നാണ് തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്നത്.

എറണാകുളം ജങ്ഷനിൽനിന്ന് വൈകുന്നേരം 6.05-ന് പുറപ്പെടുന്ന കായംകുളം എക്സ്‌പ്രസ് സ്‌പെഷ്യൽ 40 മിനിറ്റ് ദിവസവും കുമ്പളത്ത് പിടിച്ചിടുന്നത് സ്ത്രീകളെയും വിദ്യാർത്ഥികളെയും വലയ്ക്കുന്നുണ്ട്. നാഗർകോവിൽ-കോട്ടയം പാസഞ്ചറടക്കമുള്ള തീവണ്ടികൾ എപ്പോൾ സ്റ്റേഷനുകളിൽ എത്തുമെന്നതു സംബന്ധിച്ച് വ്യക്തതയില്ലാതായി.

തിരുവനന്തപുരത്തുനിന്ന് മലബാർ ഭാഗത്തേക്ക് തീവണ്ടികൾ കുറവായതിനാൽ വന്ദേഭാരതിൽ യാത്രക്കാർ ധാരാളമുണ്ട്. ഇത് തീവണ്ടിയുടെ സ്വീകാര്യത കൂടാൻ ഇടയാക്കി. ഇതോടെ ജനശതാബ്ദി ഒഴികെയുള്ള തീവണ്ടികളുടെ യാത്രാസമയം താളംതെറ്റി. മറ്റ് തീവണ്ടികൾക്ക് ലക്ഷ്യസ്ഥാനത്ത് ഓടിയെത്താൻ രണ്ടും മൂന്നും മണിക്കൂർ അധികസമയം ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. ഈ സമയമത്രയും വഴിയിൽ കാത്തുകിടക്കേണ്ട ദുരവസ്ഥയാണ് യാത്രക്കാർക്ക്. പ്രശ്‌നങ്ങൾ യാത്രക്കാരുടെ സംഘടനകൾ റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

മഴ, മറ്റ് ഡിവിഷനുകളിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ എന്നിവമൂലമാണ് തീവണ്ടികൾ വൈകുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ച് പരിഹാരനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker