തിരുവനന്തപുരം: കോവിഡ് മരണങ്ങളുടെ കണക്ക് എന്തിന് സർക്കാർ മറച്ചുവയ്ക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മരണങ്ങൾ മറച്ചുവയ്ക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടിട്ടില്ലെന്നും വീണാ ജോർജ് വ്യക്തമാക്കി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി.
ചികിത്സിച്ച ഡോക്ടറോ മെഡിക്കൽ സൂപ്രണ്ടോ ആണ് മരണം സ്ഥിരീകരിക്കുന്നത്. കോവിഡ് മരണങ്ങൾ മനപ്പൂർവം മറച്ചുവെച്ചിട്ടില്ല. മരണങ്ങൾ റിപ്പോർട്ട് ചെയ്യാനായി പുതിയ സർക്കാർ വന്നശേഷം ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. 24 മണിക്കൂറിനകം ആശുപത്രികൾ മരണം റിപ്പോർട്ട് ചെയ്തിരിക്കണം.
മറച്ചുവയ്ക്കാനുണ്ടായിരുന്നുവെങ്കിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ പുതിയ സംവിധാനം ഏർപ്പെടുത്തുമായിരുന്നില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മരണം മുമ്പും നിർണയിച്ചത് ഡോക്ടർമാരടങ്ങിയ പാനൽ തന്നെയാണ്.
സുതാര്യത ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കോവിഡ് മരണക്കണക്കിൽ പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കും. കോവിഡ് മരണങ്ങൾ നിർണയിക്കുന്നത് ഡോക്ടർമാരാണ്. മാനദണ്ഡം മാറ്റുന്നത് തീരുമാനിക്കേണ്ടത് കേന്ദ്ര ആരോഗ്യ മന്ത്രാലമാണ്. മാനദണ്ഡം മാറ്റണോ എന്ന് പറയേണ്ടത് വിദഗ്ധർ ആണ്. മന്ത്രിയെന്ന നിലയിൽ മാനദണ്ഡം മാറ്റണമെന്ന് പറയാനാകില്ല.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കണക്ക് പരിശോധിക്കും. സർക്കാരിനെക്കാൾ ഉയർന്നതാണ് മെഡിക്കൽ കോളേജിലെ കണക്ക്.ഏതെങ്കിലും കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ അതും പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട പരാതികൾ ഇ മെയിലായി നൽകിയാലും പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.