എസ്.ഐയുടെ തോക്കിന് പിടിവലി; കൊല്ലത്ത് അബദ്ധത്തില്‍ വെടിപൊട്ടി പ്രതിക്ക് പരിക്ക്

കൊല്ലം: പോലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ച പ്രതിക്ക് ഐ.എസ്‌ഐയുടെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. പുനലൂര്‍ മണിയാര്‍ ചരുവിളവീട്ടില്‍ മുകേഷിനാണ് വെടിയേറ്റത്. എസ്‌ഐയുടെ തോക്ക് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു.

മുകേഷിന്റെ മുഖത്ത് ഉരസിയാണ് വെടിയുണ്ട കടന്നുപോയത്. കൊല്ലം പത്തനാപുരത്താണ് സംഭവം. മുകേഷിന്റെ ആക്രമണത്തില്‍ എസ്‌ഐ അരുണ്‍കുമാര്‍, പോലീസുകാരായ വിഷ്ണു, സാബു ലൂക്കോസ്, വിനീത് എന്നിവര്‍ക്കും പരുക്കേറ്റു. പ്രതിയും പോലീസുകാരും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.

സംസ്ഥാനമൊട്ടാകെ നിരവധി കേസുകളിലെ പ്രതിയാണ് മുകേഷ്. ഭാര്യവീടായ പുന്നലയില്‍ നിന്നാണ് മുകേഷിനെ പോലീസ് പിടികൂടിയത്. പോലീസ് കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോള്‍ കത്തി കാട്ടി മുകേഷ് വിരട്ടാന്‍നോക്കി. പോലീസുകാരില്‍ ഒരാളായ വിഷ്ണുവിന്റെ കഴുത്തില്‍ കത്തി വച്ചതോടെ എസ്‌ഐ അരുണ്‍ കുമാര്‍ സര്‍വീസ് റിവോള്‍വര്‍ എടുത്തു.

റിവോള്‍വര്‍ കൈക്കലാക്കാന്‍ പ്രതി ശ്രമിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ വെടിപൊട്ടിയത്. നാട്ടുകാരുടെ സഹായത്തോടെ ഏറെ സാഹസികമായാണ് പ്രതിയെ പിന്നീട് പോലീസ് കീഴ്‌പ്പെടുത്തിയത്. കഴിഞ്ഞദിവസം പുന്നലയിലെ ക്ഷേത്രത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് മുകേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News