പാലക്കാട്: കണ്ണന്നൂരിൽ തൃശൂർ ഭാഗത്തേക്ക് പോകുന്ന ബൈപ്പാസിൽ ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. റോഡ് വശത്താണ് നാല് വടിവാളുകൾ കണ്ടെത്തിയത്. ഇവയിൽ രക്തക്കറയുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം കിണാശേരിയിൽ ആർഎസ്എസ് പ്രവർത്തകനെ വധിക്കാൻ ഉപയോഗിച്ച ആയുധങ്ങളാണോ ഇതെന്ന് സംശയിക്കുന്നുണ്ട്. കൊലക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘവും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന തുടങ്ങി.
ആർഎസ്എസ് പ്രവർത്തകനായിരുന്ന സഞ്ജിത്തിനെ വാഹനമിടിപ്പിച്ച് വീഴ്ത്തിയ ശേഷം ആക്രമിച്ച അഞ്ചംഗ സംഘം തൃശൂർ ഭാഗത്തേക്ക് കാറിൽ രക്ഷപെട്ടുവെന്നാണ് പോലീസിന് വ്യക്തമായിരിക്കുന്നത്.
ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെയാണ് ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടത്. ഫോറൻസിക് പരിശോധനകൾക്ക് ശേഷം ഈ ആയുധങ്ങൾ കൊലപാതകത്തിന് ഉപയോഗിച്ചതാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ.
അതിനിടെ കൊലപാതകത്തിൽ പോലീസിനെ കുറ്റപ്പെടുത്തി ബിജെപി നേതാക്കൾ രംഗത്തെത്തി. പോലീസ് തീവ്രവാദ ശക്തികൾക്ക് ഒത്താശ ചെയ്യുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. കേസിൽ ഇടപെടൽ തേടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഗവർണറെ കാണുകയും ചെയ്തു.