ആലപ്പുഴ: യൂട്യൂബര്‍ സഞ്ജു ടെക്കിൻ്റെ, ഉൾവശത്ത് സ്വിമ്മിംഗ് പൂൾ ഒരുക്കിയ കാർ പൊലീസ് കസ്റ്റടിയിൽ എടുക്കും. സഞ്ജു ടെക്കിയുടെ ടാറ്റാ സഫാരി കാര്‍ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുമെന്നും കേസ് കോടതിക്ക് കൈമാറുമെന്നും ആര്‍ടിഒ അറിയിച്ചു. ഉച്ചയ്ക്ക് കേസ് സംബന്ധിച്ച റിപ്പോർട്ടും മഹസ്സറും ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിക്ക് എൻഫോഴ്സ്മെന്‍റ് ആര്‍ടിഒ കൈമാറും. ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടിയെടുത്തിട്ടുള്ളത്.
നിലവില്‍ ആര്‍ടിഒയുടെ കസ്റ്റഡിയിലുള്ള കാര്‍ മന്നഞ്ചേരി പൊലീസിനാണ് കൈമാറുന്നത്. കാറിനുള്ളിൽ സ്വിമ്മിംഗ് പൂളൊരുക്കി അതുമായി യാത്ര ചെയ്തതുമായി ബന്ധപ്പെട്ട് സഞ്ജുവിനും കൂട്ടുകാര്‍ക്കുമെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് കേസ് കോടതിക്ക് കൈമാറുന്നത്. ഇതിന് മുന്നോടിയായാണ് കാര്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കുന്നത്.
സഞ്ജുവിന്റെ പ്രവർത്തികളെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ആർടിഒയ്ക്ക് നിർദേശം നൽകിയതിന് പിന്നാലെയാണ് വീണ്ടും റിപ്പോർട്ട് നൽകുന്നത്. മോട്ടോർ വാഹന വകുപ്പിനേയും മാധ്യമങ്ങളേയും പരിഹസിച്ച് വീണ്ടും സഞ്ജു യുട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
പിന്നാലെ നടപടികൾ കടുപ്പിക്കാനാണ് എംവിഡിയുടെ തീരുമാനം. പ്രോസീക്യൂഷൻ നടപടികൾ ഉൾപ്പെടെ സ്വീകരിക്കാനാണ് ആർടിഒയുടെ നീക്കം. കേസെടുത്തതിന് ശേഷം തന്‍റെ യുട്യൂബ് ചാനലിന് ലോകം മുഴുവൻ റീച്ച് കൂടിയെന്നും 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത പ്രശസ്തി കിട്ടിയതിന് എല്ലാവര്‍ക്കം നന്ദിയുണ്ടെന്നുമായിരുന്നു വീഡിയോയിൽ പറയുന്നത്.
സഞ്ജുവിനെതിരെ ആറ് വകുപ്പുകളാണ് ചുമത്തിയത്. വണ്ടിയുടെ ആര്‍സി ബുക്ക് ക്യാന്‍സല്‍ ചെയ്തു. ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടേതായിരുന്നു നടപടി. ആവേശം സിനിമാ സ്റ്റൈലില്‍ സഫാരി കാറിനുള്ളിലാണ് സഞ്ജുവും സംഘവും സ്വിമ്മിങ് പൂള്‍ ഒരുക്കിയത്.
ഇതിന്റെ വീഡിയോ യൂട്യൂബ് ചാനലില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കമാണ് യൂട്യൂബില്‍ പങ്കുവെച്ചത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയത്. നാട്ടുകാർ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.