ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര ഇടപെടലിന് കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ബ്ലഡ് മണി നല്കി കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചകളിലും നേരിട്ട് പങ്കെടുക്കാനാകില്ലെന്ന് കേന്ദ്രം അറിയിച്ചു. എന്നാല്‍ യെമന്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്കാന് നിമിഷപ്രിയയുടെ ബന്ധുക്കള്‍ക്ക് സഹായം നല്‍കുമെന്നും ബന്ധുക്കള്‍ക്ക് യെമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന് ബ്ലഡ് മണി നല്കി കേസ് ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ചകള്‍ക്ക് സൗകര്യമൊരുക്കാനും കേന്ദ്രത്തിന് നിര്‍ദേശം നല്‍കണം. ബ്ലഡ് മണി യെമന്‍ നിയമസംവിധാനത്തിലെ സാധ്യതയാണെന്നും, ഇടപെടുന്നതില്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ തടസമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇക്കാര്യത്തില്‍ സിംഗിള്‍ ബെഞ്ചിന്റെ ഭാഗത്ത് നിന്നുണ്ടായ ഉത്തരവ് ഭേദഗതി ചെയ്യണമെന്നും അഡ്വ. കെ. ആര്. സുഭാഷ് ചന്ദ്രന് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 2017 ജൂലൈ 25 നാണ് നിമിഷപ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ.
സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന് പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. പാസ്പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവര്‍ ആരോപിച്ചിരുന്നു.