25.6 C
Kottayam
Friday, April 19, 2024

ആകെയുള്ള 25 സെന്റില്‍ 20 സെന്റും ദുരിതബാധിതര്‍ക്ക് പകുത്തു നല്‍കി യുവതി; സോഷ്യല്‍ മീഡയയില്‍ കൈയ്യടി

Must read

ആകെയുള്ള 25 സെന്റ് ഭൂമിയില്‍ 20 സെന്റും ദുരിതബാധിതര്‍ക്കായി നല്‍കി കൈത്താങ്ങാകുകയാണ് ജിജി എന്ന യുവതി. ജിജിയുടെ സഹപാഠിയും സുഹൃത്തുമായ റൂബി സജ്ന ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. അഞ്ച് പേര്‍ക്ക് നാല് സെന്റ് ഭൂമി വീതമാണ് നല്‍കുക. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറുമായി ഇക്കാര്യം സംസാരിച്ചുവെന്നും തുടര്‍ നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നും റൂബി കുറിപ്പില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രളയത്തില്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട അഞ്ച് കുടുംബങ്ങള്‍ക്കായി 20 സെന്റ് സ്ഥലം മനസ്സറിഞ്ഞ് മാറ്റിവയ്ക്കുകയാണ് എന്റെ സഹപാഠിയായ ജിജി….

ഒരുപാടൊന്നുമുണ്ടായിട്ടല്ല…. ഒരുപാട് നന്‍മ നിറഞ്ഞ മനസ്സുള്ളത് കൊണ്ട് മാത്രം…..

ഇല്ലായ്മയുടെ കുടുംബാന്തരീക്ഷത്തില്‍ നിന്നും ഇന്നിന്റെ ധന്യതയിലേക്ക് അവള്‍ വളര്‍ന്നത് ഒരു പാടു യാതനകളോടുള്ള പോരാട്ടത്തിലൂടെയായിരുന്നു…. മുഴുപ്പട്ടിണിയുടെ മൂര്‍ദ്ധാവില്‍ നില്‍ക്കുമ്പോഴും അവളുടെ കണ്ണുകളില്‍ കണ്ടിരുന്ന ആ പ്രതീക്ഷകളുടെ തിളക്കം ഇന്നവള്‍ പടവെട്ടി യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്… അതില്‍ നിന്നും ഒരു പങ്ക് ദുരിതബാധിതര്‍ക്ക് നല്‍കാന്‍ അവള്‍ തീരുമാനിച്ചതില്‍ ഒട്ടും അല്‍ഭുതപ്പെടാനില്ല…

അതിനൊക്കെ ഒരു പാട് മുകളിലാണ് അവളുടെ ഹൃദയവിശാലത…. സ്വന്തമായി വാങ്ങിയ 25 സെന്റ് ഭൂമിയില്‍ നിന്നും 5 സെന്റ് മാത്രം സ്വന്തം ഉപയോഗത്തിനെടുത്ത് ബാക്കിയുള്ള 20 സെന്റും ദുരിതബാധിതര്‍ക്ക് വീതിച്ചു നല്‍കുവാന്‍ തയ്യാറായിരിക്കുകയാണ് ജിജി….
ഈ തീരുമാനം കഴിഞ്ഞ ദിവസം എന്നെ വിളിച്ച് പറയുകയും ബഹുമാന്യനായ നിലമ്പൂര്‍ എംഎല്‍എ ശ്രീ പി വി അന്‍വറിനോട് ഞാന്‍ ഈ വിവരം ചര്‍ച്ച ചെയ്യുകയുമുണ്ടായി….

അദ്ദേഹം ജിജിയുടെ വലിയ മനസ്സിനു നന്ദി പറഞ്ഞ് കൊണ്ട് ജിജിയുമായി ഇന്ന് സംസാരിച്ച് തുടര്‍നടപടികളിലേക്ക് കടക്കും…..

ഒരുപാടു നന്മ മനസ്സുകള്‍ എന്റെ നിലമ്പൂരിലേയ്ക്ക് സഹായ ഹസ്തങ്ങളുമായി കടന്നു വരുന്നുണ്ട്…. ഓരോനാണയത്തുട്ടുകളും ഏറെ വിലപ്പെട്ടതുമാണ്…. എങ്കിലും പട്ടിണികൊണ്ട് പള്ളയൊട്ടിയ ജിജിയെന്ന എന്റെ ആ പഴയ പാവാടക്കാരിയുടെ ഹൃദയവിശാലതയോളം വിലമതിക്കുന്ന ഒന്നും എന്റെ നാടിനു ലഭിക്കില്ലെന്നു തന്നെ ഞാന്‍ കരുതുന്നു…

മുത്തേ… അഞ്ചു കുടുംബങ്ങളുടെ കണ്‍കണ്ട ദൈവമായി നീ മാറുമ്പോള്‍ എനിക്കും തോന്നുന്നെടീ നിന്നോട് വല്ലാത്ത ഒരു ആരാധന….

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week