കോഴിക്കോട്∙ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് സൂചന നൽകി കെ.മുരളീധരൻ എംപി. പുതുപ്പളളി തിരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങൾ തുറന്ന് പറയാനുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.
കെ.കരുണാകരൻ സ്മാരക നിർമാണം പൂർത്തിയായിട്ടില്ല. ഈ ലോക്സഭയുടെ കാലാവധി കഴിഞ്ഞ ശേഷം അക്കാര്യത്തിൽ അടക്കം ശ്രദ്ധ കേന്ദ്രീകരിക്കാൻ പൊതുപ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നുണ്ട്. വിശദ വിവരങ്ങൾ ആറാം തീയതിക്കു ശേഷം വ്യക്തമാക്കാം എന്നും കെ. മുരളിധരൻ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പട്ടിക പുറത്തുവന്നതോടെ കേരളത്തിലാണ് അതിന്റെ ഏറ്റവും ആഘാതം ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്തെ ഇപ്പോഴത്തെ ഏറ്റവും മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തലയ്്ക്ക് പ്രവര്‍ത്തക സമിതിയില്‍ അംഗത്വം ലഭിക്കാത്ത പോയതില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പു രാഷ്ട്രീയത്തിന് അതീതമായി തന്നെ എതിര്‍ശബ്ദമുണ്ട്. എ കെ ആന്റണിയും കെ സി വേണുഗോപാലും ശശി തരൂരുമാണ് പ്രവര്‍ത്തക സമിതിയില്‍ അംഗത്വം നേടിയ മലയാളികള്‍. ചെന്നിത്തല സ്ഥിരം ക്ഷണിതാവായയും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായും നിയമിക്കുകയായിരുന്നു.
ചെന്നിത്തലയ്ക്ക് ഇക്കുറി സാഹചര്യങ്ങളെല്ലാം അനുകൂലമായിരുന്നെങ്കിലും ജാതിയാണ് പ്രശ്‌നമായി മാറിയത്. ദേശീയ രാഷ്ട്രീയത്തില്‍ കെ സി വേണുഗോപാല്‍ തന്നെയാണ് ഇപ്പോള്‍ തലയെടുപ്പുള്ള നേതാവ്. അദ്ദേഹത്തിനാണ് ആദ്യ പരിഗണന ലഭിക്കുന്നത്. ഗാന്ധി കുടുംബവും ഖാര്‍ഗെയും കഴിഞ്ഞാല്‍ ദേശീയ തലത്തിലെ കോണ്‍ഗ്രസിന്റെ അനിവാര്യനായ നേതാവായി കെ സി മാറിയിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹം പ്രവര്‍ത്തക സമിതിയില്‍ ഇടംപിടിച്ചു.
ശശി തരൂര്‍ ഖാര്‍ഗെയ്ക്ക് എതിരെ മത്സരിച്ചു ആയിരത്തിലേറെ വോട്ടുകള്‍ നേടിയ നേതാവാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ അവഗണികക്കാൻ കഴിയാത്ത സാഹചര്യം സംജാതമായിരുന്നു. തരൂരിനെ കൈവിട്ടാല്‍ അതിന് ഏറെ പഴി കേള്‍ക്കേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ ഖാര്‍ഗെയും സോണിയയും തരൂരിനായി വാദിച്ചതോടെ മറുവാദങ്ങള്‍ ഉണ്ടായില്ല. ഇതോടെ രാഹുലിന് താല്‍പ്പര്യം കുറവാണെങ്കിലും തരൂര്‍ പ്രവര്‍ത്തക സമിതിയില്‍ ഇടംപിടിച്ചു. ഭാവിയില്‍ കോണ്‍ഗ്രസിന് കേരള രാഷ്ട്രീയത്തില്‍ പ്രയോഗിക്കാവുന്ന ആയുധമാണ് തരൂര്‍ എന്നും നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവിടെയാണ് രമേശ് ചെന്നിത്തലയ്ക്ക് പണി കിട്ടിയത്. രണ്ട് നായര്‍ നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ എത്തയതോടെ അതേ സമുദായത്തില്‍ നിന്നും മൂന്നാമത് ഒരാളെ എടുക്കുന്നത്, കേരളത്തിലെ സാമുദായിക സമാവാക്യം തെറ്റിക്കുന്നതാകുമെന്ന് കണക്കുകൂട്ടി. അതുകൊണ്ടാണ് പ്രവര്‍ത്തക സമിതിയില്‍ ചെന്നിത്തലയെ എടുക്കാതിരിക്കാൻ കാരണമായത്. കേരളത്തിലെ തലമുതിര്‍ന്ന നേതാവായ ചെന്നിത്തലയ്ക്ക് ഇതോടെ കോണ്‍ഗ്രസ് പരമോന്നത സമിതിയില്‍ അവസരം നഷ്ടമാകുകയും ചെയ്തു. ഖാര്‍ഗെയ്ക്ക് ചെന്നിത്തലയോട് താല്‍പ്പര്യം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ജാതി തിരിച്ചടിയാകുകയാണ് ഉണ്ടായത്.
പകരമായി അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത് പ്രവര്‍ത്തക സമിതിയിലെ ക്ഷണിതാവ് സ്ഥാനത്താണ്. ഇപ്പോഴുള്ളത് 19 വര്‍ഷം മുൻപുള്ള സ്ഥാനമാണെന്നും പ്രമോഷൻ ഉണ്ടായിട്ടില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പരാതി. ഇത് പരസ്യമായി ഉന്നയിച്ചില്ലെങ്കിലും ചെന്നിത്തല അതൃപ്തിയിലാണെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, ചെന്നിത്തലയുടെ പരാതിയില്‍ പല ദേശീയ നേതാക്കളും ഇടപെടുന്നുണ്ട്. ഇവരോടെല്ലാം മനപ്പൂര്‍വം അവഗണിച്ചു എന്ന പരാതിയാണ് ചെന്നിത്തല ആവര്‍ത്തിക്കുന്നത്. എന്നാല്‍ അതല്ല, സാഹചര്യം അങ്ങനെ ആയിരുന്നു എന്നാണ് ചെന്നിത്തലയെ നേതാക്കള്‍ ബോധിപ്പിക്കുന്നത്. ദേശീയ തലത്തില്‍ മറ്റേതെങ്കിലും സംസ്ഥാനത്തിന്റെ ചുമതല നല്‍കി അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
കേരളത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവായ എ കെ ആന്റണിയെ വീണ്ടും പ്രവര്‍ത്തക സമിതിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇതിന് സാഹചര്യമായതും ജാതീയമായ പ്രശ്‌നങ്ങളാണ്. കേരളത്തിലെ കോണ്‍ഗ്രസിലെ പിന്തുണയ്ക്കുന്ന പരമ്ബരാഗത വിഭാഗം കത്തോലിക്കാ വിഭാഗക്കാര്‍ അടങ്ങുന്ന ക്രൈസ്തവരാണ്. പ്രവര്‍ത്തക സമിതിയില്‍ ഇടംപിടിക്കാൻ സാധ്യതയുണ്ടായിരുന്ന ഉമ്മൻ ചാണ്ടി മരിച്ചു പോയി. കെ വി തോമസും, പി സി ചാക്കോയും ഇടതുപക്ഷത്തേക്ക് ചേക്കേറി. ഇതോടെ ദേശീയ ബന്ധമുള്ള ക്രൈസ്തവ നേതാക്കള്‍ ഇല്ലാത്ത അവസ്ഥയായി. തുടര്‍ന്ന് ചില പേരുകള്‍ പരിഗണനയ്ക്ക് വന്നെങ്കിലും അത് നേതൃത്വത്തിന് സ്വീകാര്യമായില്ല.
ആന്റണിക്കു പകരം ബെന്നി ബഹനാൻ, കെ.സി. ജോസഫ് എന്നിവരെയാണ് ആദ്യം പരിഗണിച്ചത്. എന്നാല്‍, സംസ്ഥാന തലത്തില്‍ സമവായം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ആന്റണിയെ നിലനിര്‍ത്താമെന്ന തീരുമാനത്തില്‍ എത്തിയത്. ഇതിനിടെ എ കെ ആന്റണി നിര്‍ദ്ദേശിച്ച ഒരു പേര് മറ്റുള്ളവരില്‍ ആശ്ചര്യവും അമ്ബരപ്പും ഉണ്ടാക്കി. കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവായി മാറിയ മാത്യു കുഴല്‍നാടനായിരുന്നു അത്. വളരെ ജൂനിയറായ ഈ നേതാവിനെ ഉന്നതി ബോഡിയില്‍ എടുത്താല്‍ അത് സംസ്ഥാനത്തെ സമവാക്യങ്ങളെല്ലാം മാറ്റി മറിക്കുന്ന അവസ്ഥയ്ക്ക് ഇടയാക്കുമെന്ന് കെ സി വേണുഗോപാല്‍ കണക്കൂട്ടി. കെ സുധാകരനും വി ഡി സതീശനും അടക്കമുള്ളവരും എതിര്‍ക്കാൻ സാധ്യത മുന്നില്‍ കണ്ടു.
ഇതോട പരമോന്നത സമിതിയില്‍ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പവരുത്തുന്നതിനുവേണ്ടിയാണ് ആന്റണിയെ ഉള്‍പ്പെടുത്തി. ഓസ്‌കര്‍ ഫെര്‍ണാണ്ടസും എ.കെ. ആന്റണിയും അടക്കമുള്ളവരാണ് മുൻകാലങ്ങളില്‍ ഈ വിടവ് നികത്തിയിരുന്നത്. ഭാവിയില്‍ മാത്യുവിന് സാധ്യതകള്‍ ഏറെയാണ്. ഇംഗ്ലീഷിലെ പ്രാവീണ്യം അടക്കം ഗുണകരമാണ്. രാഹുല്‍ ഗാന്ധിക്കും യുവനേതാവ് എന്ന നിലയില്‍ മാത്യുവിനോട് ഏറെ താല്‍പ്പര്യമുണ്ട്.
ദലിത്-പിന്നാക്ക പ്രാതിനിധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായി പ്രവര്‍ത്തകസമിതിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം പ്രവര്‍ത്തക സമിതി പുനഃസംഘടനയില്‍ അതൃപ്തിയുള്ള നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ് ഹൈക്കമാൻഡ രംഗത്തുണ്ട്. കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായാണ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ ചര്‍ച്ച നടത്തുക. നേതാക്കളുമായുള്ള കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. അതേസമയം, പുനഃസംഘടന സംബന്ധിച്ച പരസ്യ വിവാദം ഒഴിവാക്കണമെന്ന് എ.ഐ.സി.സി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
18 പേരടങ്ങുന്ന സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിലാണ് ചെന്നിത്തലയുടെ സ്ഥാനം. എന്നാല്‍, 19 വര്‍ഷം മുമ്ബുതന്നെ ചെന്നിത്തല ക്ഷണിതാവായി പ്രവര്‍ത്തക സമിതിയിലെത്തിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ ഭാരവാഹി എന്ന നിലയില്‍ അതിന് മുമ്ബും. ഇതാണ് അതൃപ്തിക്കുള്ള മറ്റൊരു കാരണം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെയും വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ ഇത്തരമൊരു കല്ലുകടി നേതൃത്വം എങ്ങനെ പരിഹരിക്കുമെന്നതാണ് കണ്ടറിയേണ്ടത്.
ഉമ്മൻ ചാണ്ടിയുടെയും വിരമിക്കല്‍ പ്രഖ്യാപിച്ച എ.കെ. ആന്റണിയുടെയും ഒഴിവുകള്‍ പ്രതീക്ഷിച്ചിരിക്കെ ചെന്നിത്തലക്കൊപ്പം കേരളത്തില്‍ നിന്ന് രണ്ടാമത്തെയാള്‍ ആരെന്ന ചര്‍ച്ച മാത്രമാണ് ശേഷിച്ചിരുന്നത്. ഫലത്തില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്ബര്യമുള്ള രമേശിന് അംഗത്വം ലഭിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെക്കാള്‍ ജൂനിയറായ ശശി തരൂരിന് അംഗത്വം നല്‍കുകയും ചെയ്തു.
ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ഖാര്‍ഗെ നടത്തിയ ‘പൊളിച്ചുപണി’ സമര്‍ത്ഥവും സൂക്ഷ്മവുമായ ബാലൻസിങ് ഗെയിമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പഴയ നേതാക്കളെ നിലനിര്‍ത്തിയും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയും അതോടൊപ്പം പാര്‍ട്ടിയിയിലെ വിഭാഗീയത ഒതുക്കുന്നതിനുമുള്ള നീക്കങ്ങളാണ് ഖാര്‍ഗെ ഇതിലൂടെ നടത്തിയിരിക്കുന്നത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് പ്രവര്‍ത്തക സമിതി അംഗങ്ങളെ നോമിനേറ്റ് ചെയ്യാൻ ഖാര്‍ഗെയെ അധികാരപ്പെടുത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിക്ക് കത്തെഴുതുകയും പാര്‍ട്ടി നേതൃത്വത്തിനെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്ത 23 വിമത നേതാക്കളുടെ സംഘത്തില്‍ ഉള്‍പ്പെട്ട മുകുള്‍ വാസ്‌നിക്, ആനന്ദ് ശര്‍മ, ശശി തരൂര്‍ എന്നിവര്‍ പുതിയ സിഡബ്ല്യുസിയിലെ സ്ഥിരാംഗങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്.
തരൂരിന് ലഭിച്ച പുതിയ പദവി കേരളത്തിലും പ്രതിഫലിക്കും. ഇതിനോടകം തന്നെ തരൂരിനെ മുൻനിര്‍ത്തി കോണ്‍ഗ്രസില്‍ രൂപപ്പെട്ട ഗ്രൂപ്പിന് ശക്തി പകരുന്നത് കൂടിയാണ് പുതിയ പദവി. ജി 23 ഗ്രൂപ്പില്‍ അംഗങ്ങളായിരുന്ന മനീഷ് തിവാരിയേയും വീരപ്പ മൊയ്ലിയേയും സ്ഥിരം ക്ഷണിതാക്കളാക്കുകയും ചെയ്തു. 2020ല്‍ രാജസ്ഥാനിലെ സ്വന്തം സര്‍ക്കാരിനെതിരെ വിമത നീക്കം നടത്തുകയും തുടര്‍ന്ന് ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്ത സച്ചിൻ പൈലറ്റും പുതിയ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുന്നുവെന്നതാണ് മറ്റൊരു ആകര്‍ഷണം.
രാജസ്ഥാനില്‍ നിന്നുള്ള മുൻ എംപി രഘുവീര്‍ സിങ് മീണ, ജയ് പ്രകാശ് അഗര്‍വാള്‍, ദിനേശ് ഗുണ്ടു റാവു, എച്ച്. കെ. പാട്ടീല്‍, കെ. എച്ച്. മുനിയപ്പ, പി. എല്‍. പുനിയ, പ്രമോദ് തിവാരി, രഘു ശര്‍മ എന്നിവരാണ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രധാനികള്‍. ഇതില്‍ ഗുണ്ടു റാവു, മുനിയപ്പ, പാട്ടീല്‍ എന്നിവര്‍ കര്‍ണാടകയില്‍ മന്ത്രിമാരായവരാണ്.
കഴിഞ്ഞ ഒക്ടോബര്‍ പത്തിനാണ് മല്ലികാര്‍ജുൻ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. തുടര്‍ന്ന് രൂപീകരിച്ച സ്റ്റിയറിങ് കമ്മിറ്റിക്ക് പകരമായാണ് പുതിയ പ്രവര്‍ത്തക സമിതി വരുന്നത്. 2024-ലെ പൊതു തിരഞ്ഞെടുപ്പിനും അതിന് മുന്നോടിയായി നടക്കാനുള്ള സംസ്ഥാനങ്ങളിലെ നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പിനുമുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് പുതിയ പ്രവര്‍ത്തക സമിതി നിലവില്‍ വരുന്നത്.
39 അംഗ സ്ഥിരം അംഗങ്ങള്‍ ഉള്‍പ്പെടുന്ന 84 അംഗ പുതിയ സമിതിയില്‍ 50 വയസ്സിന് താഴെയുള്ളവരും ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ളവരും 15 സ്ത്രീകളും ഉള്‍പ്പെടുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് വേളയിലുള്ള ഖാര്‍ഗെയുടെ സുരക്ഷിത ഗെയിമില്‍ യുവാക്കള്‍ക്ക് ഇടംകുറവാണെന്നതും ശ്രദ്ധേയമാണ്. വെറ്ററൻസ് നിറഞ്ഞതാണ് പുതിയ സമിതി. സച്ചിൻ പൈലറ്റ്, ഗൗരവ് ഗൊഗോയ്, കമലേശ്വര്‍ പട്ടേല്‍ എന്നിവര്‍ മാത്രമാണ് 39 സ്ഥിരം പ്രവര്‍ത്തക സമിതിയില്‍ 50 വയസ്സിന് താഴെ പ്രായമുള്ളവര്‍.