കൊല്ലം : ക്വാറന്റീനിലിരുന്ന ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം കടന്ന യുവതി പോലീസ് പിടിയിലായി. കണ്ണനല്ലൂർ മുട്ടയ്ക്കാവിൽനിന്നു കാണാതായ മുബീന(33)യാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റിലായത്. ഇവരെ കടത്തിക്കൊണ്ടുപോയ പള്ളിമൺ സ്വദേശി ഷരീഫിനെ(38)യും അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു കുട്ടികളുടെ മാതാവാണ് മുബീന.
കോവിഡ് കാലത്ത് സൗദി അറേബ്യയിലെ ജോലി സ്ഥലത്ത് നിന്ന് മടങ്ങിയെത്തിയ ഭർത്താവ് കൊട്ടിയത്തെ ലോഡ്ജിലാണ് നിരീക്ഷണത്തിൽ കഴിഞ്ഞത്. കഴിഞ്ഞ മാസം 19ന് ക്വറന്റീൻ കേന്ദ്രത്തിൽ എത്തി ഭർത്താവിന് ഭക്ഷണം നൽകിയതുനു പിന്നാലെയാണ് മുബീനയെ കാണാതായത്. ഭാര്യയെ കാണാനില്ലെന്ന പരാതിയിൽ കണ്ണനല്ലൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഷരീഫിന്റെ ഭാര്യയുെ പൊലീസിനെ സമീപിച്ചു.
തുടർന്ന് കണ്ണനല്ലൂർ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇരുവരെയും കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സുരക്ഷിതത്വത്തിനും സംരക്ഷണത്തിനുമായി 2015-ൽ ആവിഷ്കരിച്ച ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് ഇരുവരുടെയും പേരിൽ കേസെടുത്ത് അറസ്റ്റ് ചെയ്തതെന്ന് കണ്ണനല്ലൂർ എസ്.എച്ച്.ഒ. യു.പി.വിപിൻകുമാർ പറഞ്ഞു. ഇരുവരെയും കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.