സയനൈഡ് അടുക്കളയില്‍ സൂക്ഷിച്ചതെന്തിന്? കാരണം വ്യക്തമാക്കി ജോളി

കോഴിക്കോട്:കൂടത്തായി പരമ്പര കൊലപാതക കേസിലെ പ്രതി ജോളി ജോസഫ് താമസിച്ചിരുന്ന പൊന്നാമറ്റം തറവാട്ടില്‍ നിന്ന് സയനൈഡ് കണ്ടെത്തി.ജോളിയുടെ മൊഴി പ്രകാരം ഇന്നലെ രാത്രി വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് അടുക്കളയില്‍ നിന്ന് സയനൈഡ് കണ്ടെടുത്തത്.പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു സയനൈഡ്.അടുക്കളയില്‍ സയനൈഡ് സൂക്ഷിച്ചതിന്റെ കാരണവും ജോളി പോലീസിനോട് വ്യക്തമാക്കി.ദുരൂഹമരണങ്ങള്‍ കൊലപാതകങ്ങളാണെന്ന് തെളിയിക്കപ്പെടുകയോ പിടിക്കപ്പെടുകയോ ആണെങ്കില്‍ തല്‍ക്ഷണം ജീവനൊടുക്കുകയായിരുന്നു ലക്ഷ്യമെന്ന് ജോളി വ്യക്തമാക്കി. പോലീസ് അന്വേഷണത്തില്‍ ചില സംശയങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും പിടിയ്ക്കപ്പെടുമെന്ന ആശങ്കയില്ലായിരുന്നു. പിടിയ്ക്കപ്പെടുമെന്ന സൂചന ലഭിച്ചിരുന്നെങ്കില്‍ ആ നിമിഷം തന്നെ ആത്മഹത്യ ചെയ്തിരുന്നേനെയെന്നും ജോളി പോലീസിനോട് സമ്മതിച്ചു.

ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്നലെ രാത്രി തന്നെ തെളിവെടുപ്പു നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. അതേസമയം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും അന്വേഷണ സംഘം തിങ്കളാഴ്ച പത്തുമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മാത്യു, പ്രജികുമാര്‍ എന്നിവരെയും ചോദ്യം ചെയ്തു.കേസിലെ പരാതിക്കാരനായ റോജോയുടെ മൊഴി ഇന്ന് പോലീസ് വീണ്ടും രേഖപ്പെടുത്തിയേക്കും. ഇന്നലെ പുലര്‍ച്ചെയാണ് റോജോ അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയത്.