മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയില്‍. തേഞ്ഞിപ്പലത്തെ വാടകവീട്ടില്‍ ഇന്ന് രാവിലെ 9.30-ഓടെയാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് പെണ്‍കുട്ടി.മലപ്പുറം കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലും കൂട്ടബലാത്സംഗം ഉള്‍പ്പടെ മൂന്ന് പോക്‌സോ കേസുകളിലെ ഇരയാണ് ഈ പെണ്‍കുട്ടി.
തേഞ്ഞിപ്പലത്തെ വാടകവീട്ടില്‍ അമ്മയോടും സഹോദരനുമൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. ഇളയമകനെ സ്‌കൂളിലാക്കാനായി താന്‍ പോയ സമയത്താണ് കുട്ടി തൂങ്ങി മരിച്ചതെന്നാണ് അമ്മ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.വീട്ടില്‍ തിരിച്ചെത്തിയശേഷം പല തവണ പെണ്‍കുട്ടിയെ ഭക്ഷണം കഴിക്കാനായി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല.
ഫോണില്‍ വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് അമ്മ പറയുന്നു. ഉടന്‍തന്നെ അയല്‍വാസികളെ വിവരം അറിയിച്ച്, വാതില്‍ ചവിട്ടിത്തുറന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.അപ്പോഴേക്കും കുട്ടി മരിച്ചിരുന്നതായി അമ്മ പറഞ്ഞു.
പെണ്‍കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അധികൃതര്‍ സൂചിപ്പിച്ചു.