33.3 C
Kottayam
Friday, April 19, 2024

രണ്ട് പതിറ്റാണ്ടിനുള്ളില്‍ വേമ്പനാട്ട് കായല്‍ ചതുപ്പ് നിലമാകും; ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്

Must read

ആലപ്പുഴ: രണ്ട് പതിറ്റാണ്ടിനുള്ളില്‍ വേമ്പനാട്ടു കായല്‍ ചതുപ്പു നിലമാവുമെന്ന് പഠന റിപ്പോര്‍ട്ട്. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയുടെ(കുഫോസ്) പഠന റിപ്പോര്‍ട്ടിലാണ് മുന്നറിയിപ്പ് നല്‍കുന്നത്. വേമ്പനാട്ടു കായലിന്റെ ആഴം കുറയുന്നു എന്ന് രാജ്യാന്തര കായല്‍ ഗവേഷണ കേന്ദ്രവും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കായലിന്റെ ആഴം കുറയുകയും സൂര്യപ്രകാശം നേരിട്ട് താഴേത്തട്ടില്‍ എത്താനുള്ള സാഹചര്യവും ഉണ്ടാവുകയും ചെയ്യുമ്പോള്‍ കായലിന്റെ അടിത്തട്ടില്‍ സസ്യങ്ങളും മരങ്ങളും മുളപൊട്ടി വളരാന്‍ തുടങ്ങിയെന്ന് രാജ്യാന്തര കായല്‍ ഗവേഷണ കേന്ദ്രം കണ്ടെത്തിയിരുന്നു.

കായലിന്റെ ആഴം കുറയുന്നതോടെ ചെറിയ മഴക്കാലത്ത് പോലും കരയിലേക്ക് വെള്ളം കയറുന്നുവെന്നും കുഫോസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. നദികളില്‍ നിന്ന് കായലിലേക്ക് ഒഴുകി എത്തുന്ന വെള്ളം പിടിച്ചു നിര്‍ത്താനുള്ള ശേഷി വേമ്പനാട്ടുകായലിന് നഷ്ടമാവുന്നു. 25 വര്‍ഷത്തിനിടെ കായലിന്റെ വിസ്തൃതി 30 ശതമാനമാണ് കുറഞ്ഞത്. കൊച്ചി-വൈപ്പിന്‍ ഭാഗത്തെ പാലങ്ങളുടെ നിര്‍മാണത്തിന് പിന്നാലെ ഉപേക്ഷിച്ച വസ്തുക്കളും, പാലങ്ങള്‍ക്കിടയില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങളും നീക്കം ചെയ്ത് ഒഴുക്ക് പുനഃസ്ഥാപിക്കണം എന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 8-9 മീറ്റര്‍ ആയിരുന്നു 1930ല്‍ തണ്ണീര്‍മുക്കം ഭാഗത്തെ വേമ്പനാട്ടു കായലിന്റെ ആഴം. എന്നാലിപ്പോള്‍ അത് 1.6-4.5 മീറ്റര്‍ മാത്രമായി.

തണ്ണീര്‍മുക്കം-ആലപ്പുഴ ഭാഗത്ത് മാത്രം വേമ്പനാട്ടു കായലിന്റെ അടിത്തട്ടില്‍ ചുരുങ്ങിയത് 4276 ടണ്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞു കൂടിയിട്ടുണ്ടെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ അവസ്ഥ തുടര്‍ന്നാല്‍ വേമ്പനാട്ടു കായലിന്റെ പല ഭാഗങ്ങളും ചതുപ്പ് നിലമാവും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week