KeralaNews

വെള്ളമുണ്ട മാവോയിസ്റ്റ് ആക്രമണം;ഒന്നാം പ്രതി രൂപേഷിന് പത്തുവർഷം തടവ്

കൊച്ചി: വെള്ളമുണ്ട മാവോയിസ്റ്റ് ആക്രമണ കേസിൽ പ്രതികൾക്ക് എൻഐഎ ശിക്ഷ വിധിച്ചു. ഒന്നാം പ്രതി രൂപേഷിന് പത്ത് വർഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. മറ്റ് പ്രതികളായ കന്യാകുമാരിക്കും ബാബുവിനും ആറ് വർഷം തടവ് ശിക്ഷയും അനൂപ് മാത്യുവിന് എട്ട് വർഷം ശിക്ഷയുമാണ് വിധിച്ചത്. കൊച്ചി എൻഐഎ കോടതിയുടേതാണ് വിധി.

യുഎപിഎ നിയമപ്രകാരം പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. രൂപേഷിനെതിരെ ആയുധ നിയമവും എസ്‌സി എസ്‌ടി നിയമവും തെളിഞ്ഞിരുന്നില്ല. കന്യാകുമാരിക്ക് യുഎപിഎ 38 പ്രകാരം മാത്രമാണ് ശിക്ഷ. അനൂപിനെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. തങ്ങൾക്കെതിരായ കുറ്റം തെളിഞ്ഞത് നിർഭാഗ്യകരമാണെന്ന് രൂപേഷ് കോടതിയിൽ പറഞ്ഞിരുന്നു.

2014 ഏപ്രിൽ 24ന് സിവിൽ പൊലീസ് ഓഫീസറായ പ്രമോദിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി വാഹനം കത്തിച്ചെന്നാണ് പ്രതികൾക്കെതിരായ കേസ്. ഉന്നത പൊലീസ് ഉദ്യോദസ്ഥർക്ക് മാവോയിസ്റ്റുകളെക്കുറിച്ച് വിവരം നൽകിയതിനായിരുന്നു പ്രമോദിനെതിരെയുള്ള നീക്കം ഉണ്ടായത്.

വീട്ടുമുറ്റത്തെത്തിയ മാവോയിസ്റ്റ് സംഘം കോളിംഗ്ബെൽ അടിച്ചു. ആരാണെന്ന് നോക്കാനായി ജനൽ തുറന്നപ്പോൾ അഴികൾക്കിടയിലൂടെ പ്രമോദിന്റെ കൈയിൽ പിടിക്കുകയായിരുന്നു. താൻ രൂപേഷാണെന്ന് പരിചയപ്പെടുത്തി. പൊലീസുകാരനെയും അമ്മ ജാനകിയെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മുൾമുനയിൽ നിറുത്തിയ മാവോയിസ്റ്റുകൾ കൊല്ലുമെന്ന് ഭീഷണി മുഴക്കി.

മാവോയിസ്റ്റുകളോട് കളിച്ചാൽ കൊല്ലുമെന്ന് തോളിൽ ഇട്ടിരുന്ന തോക്കിൽ ചൂണ്ടി ഇവർ പറഞ്ഞു. 15 മിനിട്ടോളം കൈ ബലമായി പിടിച്ചുവച്ച് സംസാരിച്ചു. തോക്കുമായി കൂടുതൽ പേർ ഒപ്പമുണ്ടായിരുന്നു. അമ്മ ജാനകിയെക്കൊണ്ട് വീട്ടിലെ ലൈറ്റുകൾ ഓഫാക്കിക്കുകയും ഫോൺ ചെയ്യരുതെന്ന് താക്കീത് നൽകുകയും ചെയ്തു. പോകുമ്പാൾ മുറ്റത്ത് നിറുത്തിയിട്ടിരുന്ന ബൈക്കിന് തീയിടുകയും ചെയ്തു. വധഭീഷണിയുള്ള പോസ്റ്റർ വീടിന്റെ ചുവരിൽ പതിച്ചു. ഇവർ പോയ ഉടൻ ജനലിലൂടെ പ്രമോദും അമ്മയും ചേർന്ന് ബൈക്കിലേക്ക് വെള്ളമൊഴിച്ച് തീയണയ്ക്കുകയായിരുന്നു.

വയനാട് ജില്ലയിൽ മാവോയിസ്റ്റുകൾ നേരിട്ട് അക്രമണത്തിന് മുതിർന്ന ആദ്യസംഭവമായിരുന്നു ഇത്. 2016ൽ ആണ് കേസ് എൻഐഎ ഏറ്റെടുത്തത്. മാവോയിസ്റ്റ് ആക്രമണത്തിൽ കേരളത്തിൽ നിന്ന് എൻഐഎ ഏറ്റെടുത്ത ആദ്യത്തെ കേസായിരുന്നു ഇത്. പിന്നീടും വെള്ളമുണ്ട, തൊണ്ടർനാട് മേഖലകളിൽ നിരവധി തവണ മാവോയിസ്റ്റ് ആക്രമണമുണ്ടായി. തൊണ്ടർനാട് ചപ്പ വനമേഖലയിൽ 2014 ഡിസംബറിൽ തന്നെ മാവോയിസ്റ്റുകൾ തണ്ടർബോൾട്ട് സേനയ്ക്കുനേരെ വെടിയുതിർത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker