തൃശ്ശൂർ: ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ലീഡുയര്‍ത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ കൃത്യമായി ലീഡ് നിലനിര്‍ത്തിയാണ് പ്രദീപ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ആദ്യറൗണ്ടില്‍ 1890 വോട്ടുകളുടെ ലീഡ് സ്വന്തമാക്കിയ പ്രദീപ് പിന്നീടങ്ങോട്ട് എണ്ണിയ ഓരോ റൗണ്ടിലും ലീഡുയര്‍ത്തി. ഒരു ഘട്ടത്തില്‍പ്പോലും യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് ലീഡ് പിടിക്കാനായില്ല. മണ്ഡലം ഇടത്തേക്ക് ചായുന്നുവെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.
വരവൂര്‍, ദേശംമഗലം, വള്ളത്തോള്‍നഗര്‍, പാഞ്ഞാള്‍ പഞ്ചായത്തുകളിലാണ് ആദ്യ റൗണ്ടുകളില്‍ വോട്ടെണ്ണിയത്. എല്‍.ഡി.എഫിന് ശക്തമായ സ്വാധീനമുള്ള മേഖലകളായതിനാല്‍ ലീഡ് പരമാവധി കുറക്കാനാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിച്ചത്. എന്നാല്‍, പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ യു.ഡി.എഫിന് സാധിച്ചില്ല.
എല്ലാ മേഖലകളിലും ഇടതുക്യാമ്പ് പ്രതീക്ഷിച്ചതുപോലെ യു.ആര്‍ പ്രദീപ് വോട്ടുകള്‍ സമാഹരിച്ചു. മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 5834 വോട്ടുകളുടെ ലീഡാണ് യു.ആര്‍ പ്രദീപ് സ്വന്തമാക്കിയത്. നാലാം റൗണ്ടില്‍ അത് 7598 ആയി ഉയര്‍ത്തുകയും ചെയ്തു. അഞ്ചാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ലീഡ് 8577 ആയി.
ഇനി വോട്ടെണ്ണാനുള്ള മേഖലകളില്‍ ലീഡ് തിരിച്ചുപിടിക്കുകയെന്നത് യു.ഡി.എഫിനെ സംബന്ധിച്ച് പ്രയാസമാണ്. പഴയന്നൂര്‍, മുള്ളൂര്‍ക്കര പഞ്ചായത്തുകളില്‍ വന്‍ ലീഡ് സ്വന്തമാക്കിയാല്‍ മാത്രമേ രമ്യക്ക് തിരിച്ചുവരവ് സാധ്യമാകൂ.
2024-ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസിന് ലീഡ് സമ്മാനിച്ച പഞ്ചായത്തുകളാണ് ഇവ. അതിനാല്‍ യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷ കൈവിട്ടിട്ടില്ല. നിലവില്‍ ബി.ജെ.പി സ്ഥാനാര്‍ഥി കെ. ബാലകൃഷ്ണന്‍ മൂന്നാം സ്ഥാനത്തും അന്‍വറിന്റെ ഡി.എം.കെ പിന്തുണയ്ക്കുന്ന സ്വതന്ത്രസ്ഥാനാര്‍ഥി എൻ.കെ സുധീർ നാലാമതുമാണ്.