കൊച്ചി: തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ അപ്രതീക്ഷിത വേർപാടിൽ വിതുമ്പി മലയാള ചലച്ചിത്ര ലോകം. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മലയാളത്തിന്റെ സമകാലിക ഹിറ്റ്മേക്കറുടെ അന്ത്യം.ഇടുപ്പ് ശസ്ത്രക്രിയയ്ക്ക് ശേഷം നേരിട്ട ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഹൃദയസ്തംഭനത്തിലേക്കും മസ്തിഷ്ക മരണത്തിലേക്കും നയിക്കുകയായിരുന്നു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. സച്ചിയുടെ അകാലവിയോഗത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായവര്‍ അനുശോചനം രേഖപ്പെടുത്തി.
‘പോയി’ എന്ന ഒറ്റവാക്കിലാണ് നടന്‍ പൃഥ്വിരാജ് തന്റെ സങ്കടവും അനുശോചനവുമെല്ലാം ഒതുക്കിയത്. സച്ചിയുടെ ആദ്യ ചിത്രമായ ‘ചോക്ക്ലേറ്റ്’ (സേതുവായി ചേര്‍ന്ന് എഴുതിയത്) മുതല്‍ ആദ്യ സംവിധാന സംരഭമായ അനാർക്കലിയും അവസാന ചിത്രമായ ‘അയ്യപ്പനും കോശിയും’ വരെയുള്ള കാലത്തെ പ്രവര്‍ത്തനപരിചയവും സൗഹൃദവുമാണ് ഇരുവര്‍ക്കുമിടയിൽ ഉണ്ടായിരുന്നത്.
തീയറ്ററുകളെ പ്രേക്ഷകർ ആർത്തിരമ്പുന്ന പൂരപ്പറമ്പുകളാക്കാൻ നിസ്സരാമായി കഴിയുന്ന മാന്ത്രികനായിരുന്നു, സച്ചി. ഒരു പക്ഷേ, അയാളോളം, ജനപ്രിയ സിനിമയുടെ രസക്കൂട്ട് അറിയുന്ന , അതിനെ അതിവിദഗ്ധമായി പാക്ക് ചെയ്യുന്ന മറ്റൊരു എഴുത്തുകാരൻ ഇന്നില്ല എന്ന് തന്നെ പറയാം. അയാളുടെ പേരിന് പത്തരമാറ്റുള്ള മിനിമം ഗ്യാരന്റി ഉണ്ടായിരുന്നു. As a screenwriter/ Director, he is the undisputed numero uno in the Malayalam Film Industry today.
നായകനാരെന്നും പ്രതിനായകനാരെന്നും തിരിച്ചറിയാൻ കഴിയാത്ത, എന്നാൽ, ഉടനീളം ഈ രണ്ടു കഥാപാത്രങ്ങൾക്കും ഇടയിൽ ത്രസിപ്പിക്കുന്ന ഒരു സംഘർഷം നിലനിറുത്തുന്ന, ആരുടെ പക്ഷം ചേരണമെന്നറിയാതെ കുഴങ്ങുമ്പോഴും, പ്രേക്ഷകർ ആഖ്യാനത്തിൽ സ്വയം മറന്ന് മുഴുകിപ്പോവുന്ന, കഥാന്ത്യത്തിൽ പൂർണ്ണ തൃപ്തിയോടെ തീയറ്ററുകളിൽ നിന്ന് കൈയടിച്ച് ഇറങ്ങിപ്പോവുന്ന അസാധാരണമായ ഒരു തിരക്കഥയായിരുന്നു, അയ്യപ്പനും കോശിയും. One of its kind എന്ന് നിസ്സംശയം പറയാവുന്ന ഒരൊന്നൊന്നര തിരക്കഥ.അത്തരത്തിലൊന്നെഴുതാൻ ഇന്ന് മലയാള സിനിമയിൽ സച്ചിയെ ഉള്ളൂ. തന്റെ കരിയറിന്റെ ഉച്ചത്തിൽ നിൽക്കുമ്പോഴാണ് അയാൾ അരങ്ങു വിട്ടൊഴിയുന്നത്.
ഞങ്ങളറിയുന്ന സച്ചി, കാലുഷ്യങ്ങളൊന്നുമില്ലാത്ത ഒരു പച്ച മനുഷ്യനായിരുന്നു. തീഷ്ണവും ഗാഡവുമായ സൗഹൃദങ്ങളിലായിരുന്നു അയാൾ എന്നും ആനന്ദിച്ചിരുന്നത്. സച്ചിയുടെ സുഹൃത്തുക്കൾക്ക് താങ്ങാവുന്നതിനപ്പുറമാണ് ഈ വിയോഗം. സച്ചിയുടെ ഈ കടന്ന് പോക്ക് മലയാള സിനിമയ്ക്ക് ഈ കൊറോണാ കാലത്ത് ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ ആഘാതമാണ്. പ്രിയ സുഹൃത്തേ, വിട,’ തിരക്കഥാകൃത്തും സംവിധായകനുമായ ബി ഉണ്ണിക്കൃഷ്ണന്‍ കുറിച്ചു.
അയാൾ അന്ന് എന്നെ വയനാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വരുമ്പോൾ കാറിൽ ഒരു ചെറിയ പൂച്ചക്കുട്ടി ഉണ്ടായിരുന്നു. ഫ്ലാറ്റിൽ ഒറ്റപ്പെട്ടു പോകും എന്നു കരുതി കൂടെ കൂട്ടിയതായിരുന്നു. മഴ ഉണ്ടായിരുന്നു. കാറിനകത്തെ ഏസിയുടെ തണുപ്പിൽ അത് ചെറുതായി വിറച്ചിരുന്നു.
വയനാട്ടിൽ മൂന്നു നാലു ദിവസം ഞങ്ങൾ ഒരുമിച്ചുണ്ടായി. അയ്യപ്പനും കോശിയും എന്ന പുതിയ പടത്തിൻ്റെ പാട്ടെഴുത്തിനാണ് എന്നെ കൂട്ടിയത്. പട്ടെഴുത്തൊന്നും അപ്പോൾ നടന്നില്ല. ആദിവാസി ഊരുകളിലേക്ക് പോകാം എന്ന് പ്ലാനിട്ടിരുന്നു. അപ്രതീക്ഷിതമായ കനത്ത മഴയിൽ അതും നടന്നില്ല. പക്ഷെ ആ മൂന്നു നാലു ദിവസങ്ങളിൽ സച്ചി മഴ പോലെ തിമിർത്തു പെയ്യുന്ന ഒരു സാന്നിധ്യമായി.
രണ്ടാം പ്രളയത്തിൻ്റെ തുടക്കമായിരുന്നു അത്. ഭവാനിപ്പുഴ ചവിട്ടു പടവോളം കയറി. ഞങ്ങൾ രാത്രി തന്നെ കെട്ടുകെട്ടി. പൂച്ചക്കുട്ടി ഉന്മേഷവതിയായിക്കഴിഞ്ഞിരുന്നു. ഞങ്ങളവൾക്ക് ചീരു എന്നു പേരിട്ടിരുന്നു. തിരിച്ച് എന്നെ വീട്ടിലിറക്കുമ്പോൾ ഞാൻ ചോദിച്ചു ചീരുവിനെ ഇവിടെ തന്നു പോകുന്നോ. സച്ചി സമ്മതിച്ചില്ല.
‘റൺ ബേബി റൺ’ എന്ന സിനിമയുടെ കഥ സച്ചി ആയിരുന്നു. ‘ആറ്റുമണൽപ്പായയിൽ അന്തിവെയിൽ ചാഞ്ഞ നാൾ’ എന്ന അതിലെ പാട്ട് സത്യത്തിൽ ആ സിനിമയ്ക്ക് അത്യാവശ്യമായ ഒന്നായിരുന്നില്ല. ആ സിനിമയ്ക്ക് അത്രകണ്ട് യോജിച്ചതും ആയിരുന്നില്ല. പാട്ടിനെക്കുറിച്ചുള്ള കാഴ്ചപ്പാടും പാട്ടിനോടുള്ള ഇഷ്ടവുമാണ് ആ പാട്ടിൻ്റെ സൃഷ്ടിയ്ക്ക് പ്രേരകമായത്.
ഒടുവിൽ കണ്ടത് പൊന്നാനിയിലെ ശംഭു നമ്പൂതിരിയുടെ പ്രകൃതിചികിത്സാ കേന്ദ്രത്തിൽ വെച്ചായിരുന്നു. സിനിമ ഉദ്ദേശിച്ചതു പോലെ വന്നതിലുള്ള ഉത്സാഹത്തിലായിരുന്നു അയാൾ. വിളിച്ചിട്ട് കുറച്ചായല്ലൊ ഒന്നു വിളിക്കണം എന്നൊക്കെ വിചാരിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ വാർത്ത എത്തിയത്.
സച്ചീ, നിങ്ങളുടെ ചീരു ഭാഗ്യവതിയാണ്. അവൾക്കറിയില്ലല്ലൊ ഈ വേർപാടിൻ്റെ ആഴം,’ സച്ചിയുടെ വേര്‍പാടിനെക്കുറിച്ച് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമദ് എഴുതിയത് ഇങ്ങനെ.
വരനെ ആവശ്യമുണ്ട്,’ എന്ന എന്‍റെ ചിത്രത്തിന്റെയും ‘അയ്യപ്പനും കോശിയും’ എന്ന താങ്കളുടെ ചിത്രത്തിന്റെയും ഡബ്ബിംഗ് ഒരേ സമയത്ത് ഒരേ സ്റ്റുഡിയോയില്‍ നടന്നത്, നമ്മള്‍ തമ്മില്‍ കണ്ടത് എല്ലാം ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നു. സംവിധായകനായതോട് കൂടി താങ്കള്‍ ഒരു നിര്‍ണ്ണായക ശക്തിയായി മാറി. ഞാന്‍ താങ്കളുടെ വലിയ ആരാധകനായിരുന്നു.
ഒന്നൊന്നിനേക്കാള്‍ മെച്ചപ്പെട്ടതാണ് താങ്കളുടെ ഓരോ ചിത്രവും. മലയാള സിനിമാ ലോകത്തിനു വലിയ നഷ്ടം. താങ്കളെ അറിയുന്ന, സ്നേഹിക്കുന്ന എല്ലാവര്‍ക്കും എന്റെ പ്രാര്‍ത്ഥനകളും അനുശോചനങ്ങളും,’ ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.