33.4 C
Kottayam
Saturday, April 20, 2024

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കായി ഓണ്‍ലൈന്‍ സര്‍വ്വേ

Must read

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ലിംഗനീതിയും ലിംഗസമത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ സര്‍വേ നടത്താന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരുടെ സര്‍വതോന്മുഖമായ പുരോഗതിയ്ക്ക് വേണ്ടിയാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സോഷ്യോ എക്കണോമിക് സര്‍വെയും വ്യക്തിഗത വികസന പദ്ധതിയും ഒരു ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ നടത്തുന്നതിന് തീരുമാനിച്ചത്. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റില്‍ ലഭിച്ച പ്രൊപ്പോസലുകളില്‍ നിന്നും ടെക്നിക്കല്‍ കമ്മിറ്റി തെരഞ്ഞെടുത്ത സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റാണ് സര്‍വേ നടത്തുന്നത്. ഏത്രയും വേഗം സര്‍വേ പൂര്‍ത്തിയാക്കി അതിന്റെ ഗുണഫലങ്ങള്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായി നിരവധി ട്രാന്‍സ്ജെന്‍ഡര്‍ സൗഹാര്‍ദ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായാണ് ‘മഴവില്ല്’ എന്ന സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗമെന്ന നിലയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതും മറ്റ് പൗരന്മാരെപ്പോലെ തുല്യ നീതിയും തുല്യ അവകാശങ്ങളും സേവനങ്ങളും ഈ വിഭാഗക്കാര്‍ക്കു കൂടി ഉറപ്പാക്കേണ്ടതും വകുപ്പിന്റെ കര്‍ത്തവ്യമാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനായി വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഈ വിഭാഗക്കാരുടെ കൃത്യമായ എണ്ണം കണക്കാക്കേണ്ടതാണ്. ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സര്‍വേ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week