കോട്ടയം: കാലവർഷം ശക്തി പ്രാപിച്ചതോടെ താറുമാറായ അവസ്ഥയിലാണ് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം. വേണാട് എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്.ഇതിനിടെ തൃശൂരിൽ ട്രാക്കിലേക്ക് മരം വീണതോടെ ദുരിതം ഇരട്ടിയായി. ഇതിനിടയിലാണ് ലോക്കോ പൈലറ്റിന്റെ അഭാവത്തേത്തുടർന്ന് കോട്ടയം -കൊല്ലം- പാസഞ്ചർ ഏറെ നേരം കോട്ടയത്ത് പിടിച്ചിട്ടത്.ട്രെയിൻ വൈകുന്നതിന്റെ കാരണം ചോദിച്ച യാത്രക്കാരോട് ലോക്കോ പൈലറ്റ് ഉറങ്ങുകയാണെന്ന് മറുപടി നൽകി. 7.30 കഴിഞ്ഞ് ട്രെയിൻ പുറപ്പെടുമെന്ന് അറിയിപ്പും.എന്നാൽ രോഷാകുലരായ യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചതോടെ 6.36 ന് ട്രെയിൻ പുറപ്പെട്ടു. ദീർഘദൂര ട്രെയിനുകളുടെ വൈകിയോട്ടം തുടരുകയാണ്.