തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു കോടിയിലധികം പേർ കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച് വാക്സിനേഷൻ പൂർത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അതേസമയം ആദ്യ ഡോസ് വാക്സിനേഷൻ 90 ശതമാനവും (90.31) കഴിഞ്ഞ് ലക്ഷ്യത്തോടടുക്കുകയാണ്. 2,41,20,256 പേർ ആദ്യ ഡോസ് വാക്സിനും 1,00,90,634 പേർ രണ്ടാം ഡോസ് വാക്സിനും (37.78 ശതമാനം) എടുത്തിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 3,42,10,890 ഡോസ് വാക്സിൻ നൽകാനായതായും മന്ത്രി പറഞ്ഞു.
വയനാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തതപുരം, ഇടുക്കി എന്നീ ജില്ലകളാണ് വാക്സിനേഷനിൽ മുന്നിലുള്ള ജില്ലകൾ. വാക്സിനേഷൻ ലക്ഷ്യത്തോടടുക്കുമ്പോൾ വാക്സിൻ എടുക്കാനുള്ളവർ കുറവായതിനാൽ പല വാക്സിനേഷൻ കേന്ദ്രങ്ങളിലും തിരക്കില്ല. ഇനിയും വാക്സിനെടുക്കേണ്ടവർ എത്രയും വേഗം വാക്സിൻ എടുക്കേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.
സ്ത്രീകളാണ് പുരുഷൻമാരെക്കാർ കൂടുതൽ വാക്സിനെടുത്തത്. സ്ത്രീകളുടെ വാക്സിനേഷൻ 1,77,51,202 ഡോസും പുരുഷൻമാരുടെ വാക്സിനേഷൻ 1,64,51,576 ഡോസുമാണ്. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും 100 ശതമാനം ആദ്യ ഡോസും 87 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 45 വയസിൽ കൂടുതൽ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകൾക്ക് ഒറ്റ ഡോസും 56 ശതമാനം പേർക്ക് രണ്ട് ഡോസും വാക്സിനേഷൻ സംസ്ഥാനം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് 50,000 ഡോസ് കോവാക്സിൻ കൂടി ലഭ്യമായി. തിരുവനന്തപുരത്താണ് കോവാക്സിൻ ലഭ്യമായതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.