തൃശൂര്‍ :ചിട്ടി തട്ടിപ്പിലൂടെ മധ്യകേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതികള്‍ പിടിയില്‍.മുഖ്യ പ്രതികളായ പിതാവും മക്കളുമാണ് അറസ്റ്റിലായത്. എറണാകുളം വടക്കേക്കര കുഞ്ഞി തൈ ദേശം കുറുപ്പശ്ശേരി വീട്ടില്‍
തോമാസ് (64) മക്കളായ ടെല്‍സണ്‍ (44), നെല്‍സണ്‍(42) എന്നിവരാണ് സിറ്റി പോലീസിന്റെ പ്രത്യേക നീക്കത്തില്‍ പിടിയിലായത്. ഒല്ലൂര്‍ പോലീസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
അഞ്ഞൂറിലേറെ കേസുകള്‍ ഇവര്‍ക്കെതിരെ നിലവിലുണ്ട്. അനുഗ്രഹ എന്നപേരില്‍ കുറികമ്പനി തുടങ്ങി പിന്നീട് ടി.എന്‍.ടി എന്ന് പേരു മാറ്റുകയായിരുന്നു. മുംബൈയിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇരിങ്ങാലക്കുട ആസ്ഥാനമാക്കിയായിരുന്നു പ്രവര്‍ത്തനം. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ചിട്ടി കമ്പനി ഒരു സുപ്രഭാതത്തില്‍ പൂട്ടി ഉടമകള്‍ മുങ്ങുകയായിരുന്നു. പരാതികളുടെ പ്രളയമാണ് പിന്നീടുണ്ടായത്. തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒട്ടേറെപ്പേര്‍ തട്ടിപ്പിനിരയായി. കുറി നടത്തി വട്ടമെത്തിയിട്ടും പണം ലഭിക്കാതായപ്പോഴാണ് പ്രശ്നമായത്. ഒല്ലൂര്‍, വിയ്യൂര്‍, വടക്കാഞ്ചേരി, കുന്നംകുളം, പാവറട്ടി, ഇരിങ്ങാലക്കുട, ആളൂര്‍, ചേര്‍പ്പ്, അന്തിക്കാട്, കൊരട്ടി, ചാലിശ്ശേരി, വടക്കുംഞ്ചേരി, ഒറ്റപ്പാലം പോലീസ് സ്റ്റേഷനുകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ക്രൈംബ്രാഞ്ച് കേസേറ്റെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. മുംബൈയിലും പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നു. രാംജ്യോതി കുറീസ് എന്നപേരിലാണ് തട്ടിപ്പ് നടത്തിയത്. ഒട്ടേറെ പേര് കബളിപ്പിക്കപെട്ടു.
സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ്ചന്ദ്ര രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് എറണാകുളത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്. ഒല്ലൂര്‍ സി.ഐ ബെന്നി ജേക്കബ്, എസ്.ഐ മനോജ് കുമാര്‍ പി.ആര്, പോലീസുകാരായ കെ. ശ്രീകുമാര്‍, പി.എസ് ഫൈസല്‍, ടി.എസ് മനോജ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.