33.3 C
Kottayam
Friday, April 19, 2024

ധര്‍മ്മജന്‍ ചോദിച്ചതും പറഞ്ഞതും സത്യമാണ്; അവനെ രാഷ്ട്രീയക്കാര്‍ പിന്തുണയ്ക്കുന്നില്ലെങ്കിലും ജനങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടെന്ന് ടിനി ടോം

Must read

കൊച്ചി: മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും ഒരു വന്‍ പടതന്നെ ഉണ്ടായിട്ടും ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തുന്ന തുക അര്‍ഹതപ്പെട്ടവര്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്ന നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പ്രസ്താവനയെ പിന്തുണച്ച് നടന്‍ ടിനി ടോം. ധര്‍മ്മജന്‍ ചോദിച്ചതും പറഞ്ഞതും സത്യമാണെന്ന് നടന്‍ ടിനി ടോം പറഞ്ഞു. അവനെ രാഷ്ട്രീയക്കാര്‍ പിന്തുണയ്ക്കുന്നില്ലെങ്കിലും ജനങ്ങള്‍ പിന്തുണയ്ക്കുന്നുണ്ട്. ധര്‍മജന്‍ ഒരു പച്ചയായ മനുഷ്യനാണെന്നും അവന്റെ വികാരം പങ്കുവെച്ചതാണെന്നും ടിനി ടോം പറഞ്ഞു. അതേസമയം ധര്‍മ്മജന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎമ്മില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

അവനെ എത്രമാത്രം ആളുകള്‍ പിന്തുണയ്ക്കുന്നുണ്ടെന്ന് കമന്റുകള്‍ കണ്ടാല്‍ അറിയാം. പാര്‍ട്ടി നോക്കിയല്ല കാര്യങ്ങള്‍ ചെയ്യുന്നത്. ആരാണോ കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്യേണ്ടത് അവരോടാണ് ധര്‍മജന്‍ പറഞ്ഞത്. ഒരിക്കലും ഒരു പ്രസ്ഥാനത്തിനെതിരെയല്ല പറഞ്ഞത്. അവന്റെ സഹജീവികള്‍ കഷ്ടപ്പെടുന്നത് കണ്ടാണ് അങ്ങനെയൊരു പ്രതികരണം ഉണ്ടായത്.

കുറേപേര്‍ സഹായം ചെയ്തിട്ടുണ്ട്, ചിലര്‍ ചെയ്യാന്‍ പോകുകയാണ്. കുറച്ചുദിവസം കൂടി കഴിഞ്ഞാലെ ഇക്കാര്യത്തെക്കുറിച്ച് ഏകദേശ ധാരണയുണ്ടാകൂ. പക്ഷേ, ഒരു കാര്യം പറയാം.ഈ പ്രളയത്തിനായി കിട്ടുന്ന പണം കക്കാനോ അതിലെ ഓഹരിയുടെ ഒരു ഭാഗം എടുക്കാനോ ആര് ശ്രമിച്ചാലും അത് അവന്റെ തലമുറയെ ബാധിക്കും. അതിലൊരു സംശയവുമില്ല. അത്രയ്ക്ക് വേദനിക്കുന്നവരാണ് ക്യാമ്പിലുള്ളത്.

ചാനലുകളിലെ സന്ധ്യാ ചര്‍ച്ചകളില്‍ അല്ല നേതാക്കാള്‍ ഇരിക്കേണ്ടത്. ആ സമയം നിങ്ങള്‍ മലപ്പുറത്തും നിലമ്പൂരിലും നേരിട്ടിറങ്ങൂ. പ്രസംഗിക്കാതെ പ്രവൃത്തിക്കൂ എന്നാണ് ഞാന്‍ പറയുന്നത്.

കഴിഞ്ഞ തവണ താരസംഘടനയായ അമ്മ അഞ്ച് കോടിയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത്. ട്രഷറിയില്‍ കൊണ്ടാണ് അടച്ചത്. പണം എന്ത് ചെയ്‌തെന്ന് അന്വേഷിച്ചപ്പോള്‍ ഗവണ്‍മെന്റിന്റെ പോളിസി അനുസരിച്ചേ കാര്യങ്ങള്‍ ചെയ്യാനാകൂ എന്നാണ് അവര്‍ പറഞ്ഞത്. അത് എങ്ങനെ ഉപയോഗിച്ചൂ എന്നതിനെക്കുറിച്ച് അറിയാനുള്ള അവകാശവും അര്‍ഹതയും നമുക്കുണ്ട്. അഞ്ച് കോടി രൂപ എന്ത് ചെയ്തുവെന്ന് ലാലേട്ടന്‍ അമ്മയിലെ അംഗങ്ങളെ അറിയിക്കേണ്ടതുണ്ട്. ഗവണ്‍മെന്റ് എന്ത് ചെയ്തുവെന്ന് അറിഞ്ഞാല്‍ മാത്രമേ അംഗങ്ങളോട് പറയാനാകൂ. ഇത് തന്നെയാണ് ധര്‍മജന്‍ ചോദിച്ചത്. അതില്‍ കൂടുതല്‍ ആരെയും അവന്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്നും ടിനി ടോം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week