32.8 C
Kottayam
Friday, March 29, 2024

സി.പി.എമ്മിന് അഭിനന്ദനവുമായി തുഷാര്‍ വെള്ളാപ്പള്ളി,വിവാദമായതോടെ മലക്കം മറിഞ്ഞ് ബി.ഡി.ജെ.എസ് നേതാവ്‌

Must read

തിരുവനന്തപുരം:ചരിത്രവിജയമാണ് വട്ടിയൂര്‍കാവില്‍ മേയര്‍ബ്രോ നേടിയത്. വര്‍ഷങ്ങളായി രണ്ടാം സ്ഥാനത്തുണ്ടായ ബി.ജെ.പി മണ്ഡലത്തില്‍ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു.സംസ്ഥാനത്തൊന്നാകെ വോട്ടു നഷ്ടപ്പെട്ട എന്‍.ഡി.എ മുന്നണി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയും ചെയ്യുന്നു. ഇതിനടയിലാണ് വി.കെ.പ്രശാവ്തിനെ അനുകൂലിച്ച് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തിയിരിയ്ക്കുന്നത്.

മുഖ്യമന്ത്രിയേയും പ്രശാന്തിനേയും അഭിനന്ദിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടാണ് തുഷാര്‍ വെള്ളാപ്പള്ളി സന്തോഷം പ്രകടമാക്കിയത്.മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നില്‍ക്കുന്ന പ്രശാന്തിന്റെ ചിത്രം സഹിതമായിരുന്നു കുറിപ്പ്.

എന്നാല്‍ സംഗതി വിവാദമായതോടെ മിനിറ്റുകള്‍ക്കകം പോസ്റ്റ് ഫേസ്ബുക്ക് പേജില്‍നിന്ന് നീക്കി. തുടര്‍ന്ന്, ഫേസ്ബുക്ക് പേജ് അഡ്മിന് സംഭവിച്ച അബദ്ധമാണ് നേരത്തെയുണ്ടായ കുറിപ്പ് എന്ന വിശദീകരണവുമായി മറ്റൊരു പോസ്റ്റും പ്രത്യക്ഷപ്പെട്ടു. രണ്ടാഴ്ചയായി പേജിന്റെ അഡ്മിനാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും. സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിനുശേഷം സെറ്റിങ്‌സില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നെന്നും അശ്രദ്ധകാരണം അബദ്ധവശാല്‍ മുഖ്യമന്ത്രിയും പ്രശാന്തും നില്‍ക്കുന്ന ഫോട്ടോ ഫെയ്‌സ്ബുക്ക് പോസ്റ്റായി വന്നതാണെന്നും കിരണ്‍ ചന്ദ്രന്‍ എന്ന പേരില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. എല്ലാവരും സദയം ക്ഷമിക്കണമെന്നും തുഷാര്‍ വെള്ളാപ്പള്ളിയുടെ പേജിലൂടെ കിരണ്‍ ചന്ദ്രന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇതിനുപിന്നാലെ, വിശദീകരണവുമായി തുഷാര്‍ വെള്ളാപ്പള്ളി തന്നെ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് അഡ്മിന്‍ പാനലാണെന്നും അതിലൊരു സഹോദരന്‍ കിരണ്‍ ചന്ദ്രന്‍ അദ്ദേഹത്തിന്റെ ഫോണില്‍ നിന്നും അബദ്ധവശാല്‍ എന്റെ ഫെയ്‌സ്ബുക്കിലേക്ക് വന്ന ഒരു പോസ്റ്റ് എനിക്കും എന്റെ സഹപ്രവര്‍ത്തകര്‍ക്കും ഒരുപോലെ വേദനയുളവാക്കുന്നതാണെന്നും തുഷാര്‍ പറയുന്നു.അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ഡി.ജെ.എസിന്റെ ഭാഗത്തു നിന്നും പൂര്‍ണ നിസഹകരണമാണ് ഉണ്ടായതെന്ന ബി.ജെ.പി വിലയിരുത്തലുകള്‍ക്ക് ഇടയിലാണ് തുഷാറിന്റെ ഫേസ് ബുക്ക് പോസ്റ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week