തിരുവനന്തപുരം: തൃശൂര്‍: തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ (എസ്ഐടി) ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിലാണ് തൃശൂർ ടൗൺ പൊലീസ് കേസെടുത്തത്. കേസെടുത്തെങ്കിലും ആരെയും പ്രതിചേർത്തിട്ടില്ല. വിവിധ പരാതികളുടേയും റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്നായിരുന്നു പരാതി. ഇന്ന് കൊടുത്ത പരാതിയിലാണ് ഇന്ന് തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ത്രിതല അന്വേഷണം പ്രഖ്യാപിച്ചിട്ടും കേസെടുക്കാത്തത് വിവാദമായിരുന്നു. പൂരം കലക്കലിലെ അന്വേഷണവും എങ്ങുമെത്തിയില്ലെന്നെ വിമർശനങ്ങൾക്കൊടുവിലാണ് പെട്ടെന്ന് പരാതിയും കേസുമെടുത്തത്. പൂരം കലങ്ങിയില്ലെന്ന് മുഖ്യമന്ത്രി നിസാരവൽക്കരിക്കുമ്പോഴാണ് പൊലീസ് ഗൂഡാലോചനയിൽ കേസെടുക്കുന്നത്.
തിരുവമ്പാടി ദേവസ്വത്തെ സംശയത്തിന്‍റെ നിഴലാക്കുന്നതായിരുന്നു തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത്ത് കുമാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്. തിരുവമ്പാടി ദേവസ്വത്തെ പ്രതിയാക്കാതിരിക്കാനാണ് പൊതുവായ പരാതിയിൽ പൊലീസ് കേസെടുത്തത്.
തൃശൂർ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സിപിഐ രംഗത്തെത്തി. ബിജെപിക്ക് ജയിക്കാനായി പൂരം ബോധപൂർവം കലക്കിയതാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇതിനിടെ, ആർഎസ്എസിനെ സുഖിപ്പിക്കാനാണ് മുഖ്യമന്ത്രി പുരം കലക്കൽ ഒളിപ്പിക്കുന്നതെന്ന് കോൺഗ്രസ് വിമർശിച്ചു. തിരുവമ്പാടി ദേവസ്വവും മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞു. പാറമേക്കാവ് ദേവസ്വവും അന്വേഷണം ആവശ്യപ്പെട്ടു.
തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ പേരാണോ പൂരം കലക്കല്‍ എന്നും പിണറായി ചോദിച്ചു. പി. ജയരാജന്‍ രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവെയാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.
‘ഒരു പോലീസുകാരന്‍ ആര്‍ എസ് എസ് നേതാവിനെ കണ്ടു എന്നാണു പറയുന്നത്. ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ കേരള അമീറിന്റെ തോളത്തു കൈയിട്ടുകൊണ്ടല്ലേ ലീഗ് ഇതു പറയുന്നത്? തൃശൂര്‍ പൂരം കലക്കിയെന്നാണു സംഘപരിവാറും ലീഗും ഒരുപോലെ ആക്ഷേപിക്കുന്നത്.
പൂരം കലങ്ങിയോ? അവിടെ ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെ പോയോ? ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കല്‍? ലീഗിനെന്തിനാണ് ഇത്തരം കള്ളപ്രചാരണം നടത്താന്‍ സംഘപരിവാറിനേക്കാള്‍ ആവേശം? എന്നും പിണറായി ചോദിച്ചു.