കൊല്ലം: ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.
രോഗികളുടെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്
കല്ലുവാതുക്കല്‍ സ്വദേശി 24 വയസ്സ്. അടിയന്തര ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നല്‍കിയ യുവതിയെ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് 22 ാം തീയതി സ്രവ പരിശോധനയ്ക്ക് അയച്ചു. പോസിറ്റീവ് ആയതിനാല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
മുംബൈ പനവേലില്‍ നിന്നും തിരുവനന്തപുരത്ത് 21 ന് എത്തിയ അഞ്ചല്‍, ചണ്ണപ്പെട്ട സ്വദേശി 53 വയസ്സ്, കെ എസ് ആര്‍ ടി സിയില്‍ പുനലൂരില്‍ എത്തിച്ചു. ഗൃഹനിരീക്ഷണത്തില്‍ തുടരവേ സാമ്പിള്‍ ശേഖരിച്ചു.
ചെന്നൈയില്‍ നിന്നും പന്മനയില്‍ എത്തിയ യുവതി 20 വയസ്സ്.
സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 18 പേര്‍ വിദേശത്ത് നിന്നും (ഒമാന്‍-3, യു.എ.ഇ.-11, സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്നാട്-3, ഡല്‍ഹി-1, മധ്യപ്രദേശ്-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവര്‍ത്തകയാണ്.
കോവിഡ്-19 രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി നിര്യാതയായി. മെയ് 20ന് ദുബായില്‍ നിന്ന് കേരളത്തില്‍ ചികിത്സക്കായെത്തിയ ഇവര്‍ കാന്‍സര്‍ രോഗ ബാധിതയായിരുന്നു.
അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 322 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 520 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.