NationalNews

കടുംവെട്ടുമായി കേന്ദ്രം!സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതം കുറയ്ക്കാൻ നീക്കമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കാനുള്ള നീക്കമൊരുങ്ങുന്നു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ബാധിച്ചേക്കാവുന്ന നിര്‍ണായക നീക്കമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ പോകുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശം തയ്യാറാക്കുന്നതായാണ് സൂചന. 2026-27 സാമ്പത്തിക വര്‍ഷത്തേക്ക് നടപ്പിലാക്കാനുള്ള നിര്‍ദ്ദേശമാണ് തയ്യാറാക്കുന്നത്. വരുന്ന ഒക്ടോബറില്‍ ഇതുമായി ബന്ധപ്പെട്ട സമ്പൂര്‍ണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന് മുമ്പ് നികുതി വിഹിതത്തില്‍ ഒരുശതമാനം കുറവ് വരുത്തണമെന്ന ശുപാര്‍ശ കേന്ദ്രവും ധനകാര്യകമ്മീഷന് നല്‍കിയേക്കും.

നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതത്തിന്റെ 41 ശതമാനമാണ് ലഭിക്കുന്നത്. ഇനി അത് 40 ശതമാനമായി കുറയ്ക്കാനാണ് നിര്‍ദ്ദേശമെന്നാണ് സൂചന. അരവിന്ദ് പനഗരിയ അധ്യക്ഷനായ സമിതി സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചതിന് ശേഷം ധനകാര്യ കമ്മീഷന് നല്‍കും. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതി വിഹിതത്തില്‍ നിന്ന് ഒരുശതമാനം കുറയ്ക്കുന്നതോടെ കേന്ദ്രത്തിന് 35000 കോടിയോളം അധികമായി ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ഓരോ വര്‍ഷവും വ്യത്യാസപ്പെടാം.

നികുതി വിഹിതം കുറയ്ക്കുന്നത് കേന്ദ്ര- സംസ്ഥാന ബന്ധങ്ങളില്‍ കൂടുതല്‍ പിരിമുറുക്കമുണ്ടാക്കും. പ്രത്യേകിച്ച് പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇത് വലിയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാനിടയാകും. മുമ്പ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതി വിഹിതം 20 ശതമാനമായിരുന്നു. അത് പിന്നീട് 1980ലാണ് 41 ശതമാനമായി വര്‍ധിപ്പിച്ചത്. എന്നാൽ സംസ്ഥാന സര്‍ക്കാരുകളുടെ ചെലവ് വർധിച്ചതും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. സമ്പദ്‌വ്യവസ്ഥയില്‍ സര്‍ക്കാര്‍ ചെലവഴിക്കലിന്റെ 60 ശതമാനവും സംസ്ഥാനങ്ങളുടെ വിഹിതമാണ്. ആരോഗ്യം, അടിസ്ഥാനസൗകര്യ വികസനം എന്നീ മേഖലകളിലാണ് ഇത് കൂടുതൽ.

കേന്ദ്രം പിരിക്കുന്ന നികുതികൾ പങ്കുവെയ്ക്കുമ്പോൾ ആ സംസ്ഥാനത്തിന്റെ ജനസാന്ദ്രതകൂടി കണക്കാക്കണമെന്ന് 16-ാം ധനകാര്യ കമ്മിഷൻ അധ്യക്ഷൻ പ്രൊഫ.അരവിന്ദ് പന​ഗാരിയയോട് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം മറ്റു സംസ്ഥാനങ്ങളുടെ ഭാ​ഗത്തുനിന്നും ഉണ്ടായിരുന്നു. അപ്പോഴാണ് സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതം കുറയ്ക്കാനുള്ള കേന്ദ്ര നീക്കം. ഇത് എത്രത്തോളം സംസ്ഥാനങ്ങളെ ബാധിക്കുമെന്നത് വ്യക്തമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker