32.8 C
Kottayam
Friday, March 29, 2024

വാർത്തകൾ നിരവധി വരുന്നു, രക്ഷിതാക്കൾ അറിഞ്ഞിരിക്കണം: മുന്നറിയിപ്പുമായി കേരള പൊലീസ്

Must read

തിരുവനന്തപുരം:രക്ഷിതാക്കളുമായി പിണങ്ങി കുട്ടികൾ വീടുവിട്ടിറങ്ങുന്ന സംഭവങ്ങൾ വർദ്ധിക്കുന്നതായി കേരള പൊലീസ്. ഇത്തരം പ്രശ്‌നങ്ങൾ വളരെ ഗുരുതരമാണെന്നും, രക്ഷിതാക്കൾ തന്നെ ഇക്കാര്യത്തിൽ വളരെ ശ്രദ്ധ ചെലുത്തണമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പൊലീസ്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം-

‘ഡോക്ടറെ കണ്ട് മരുന്നു വാങ്ങുന്നതിനായി പോയ അമ്മയുടെ കൺവെട്ടത്തുതന്നെയായിരുന്നു മകൾ. അല്പം കഴിഞ്ഞപ്പോൾ മകളെ കാണാനില്ല. വരിയിൽ നിന്നിരുന്ന അമ്മ അടുത്തുള്ളവരോട് പറഞ്ഞ് പരിസരങ്ങളിൽ തിരഞ്ഞെങ്കിലും മകളെ കണ്ടില്ല. ചെറിയ പിണക്കത്തിലായിരുന്നതിനാൽ വേറെ എങ്ങോട്ടെങ്കിലും പോകുമോ എന്ന് ഭയത്തിൽ ഉടൻ തന്നെ അവിടെ നിന്നവരുടെ സഹായത്തോടെ വിവരം പോലീസിനെ അറിയിച്ചു.

ചേർപ്പ് സ്വദേശികളായ അമ്മയും മകളും ചികിത്സക്കായാണ് കാലത്ത് തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിയത്. പ്ളസ്റ്റു വിദ്യാർത്ഥിയായ മകളും അമ്മയും തമ്മിൽ വീട്ടിലെ ചെറിയ പ്രശ്നങ്ങളുമായിബന്ധപ്പെട്ട് സൗന്ദര്യപിണക്കത്തിലായിരുന്നു. ആശുപത്രിയിൽ അമ്മയുടെ സമീപത്ത് നിന്നും അല്പം വിട്ടുമാറിയാണ് മകൾ ഇരുന്നിരുന്നത്. ഇത്തരം പിണക്കങ്ങൾ പതിവായതിനാൽ അമ്മ അത് കാര്യമാക്കിയില്ല.

കുട്ടിയെ കാണാതായ വിവരം കിട്ടിയ ഉടൻ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും കൺട്രോൾ റൂമിലേക്ക് വിവരം കൈമാറുകയും കൺട്രോൾ റൂമിൽ നിന്നും നിമിഷങ്ങൾക്കുളളിൽ എല്ലാ വയർലസ്സ് സെറ്റുകളിലും അറിയിക്കുകയും ചെയ്തു.

ഈ സമയം ദിവാൻജിമൂലയിൽ തിരക്കിട്ട ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു സിവിൽ പോലീസ് ഓഫീസർ റജികുമാർ. വാഹനങ്ങൾ നിയന്ത്രിച്ചു വിടുന്നതിനിടയിൽ വയർലസ്സിലൂടെ കേട്ട സന്ദേശം പ്രകാരം വസ്ത്രം ധരിച്ച് ഒരു പെൺകുട്ടി ട്രാൻസ് പോർട്ട് ബസ് സ്റ്റാൻറ് വഴിയിലൂടെ പോകുന്നത് റജി കുമാറിന്റെ ശ്രദ്ധയിൽപ്പെട്ടു.

മെസേജിൽ പറഞ്ഞപ്രകാരം, കാണാതായ കുട്ടിയുമായി സാമ്യം തോന്നിയതിനാൽ റെജി ഓടിയെത്തി.

‘മോളെങ്ങോട്ടാ ?’ –

“അത്…” – കുട്ടി മറുപടി പറയാൻ ബുദ്ധിമുട്ടി.

പെൺകുട്ടി ഒടുവിൽ പേര് വിവരങ്ങൾ പറഞ്ഞു. അറിയിച്ച വിവരങ്ങളും കുട്ടിയിൽ നിന്നറിഞ്ഞ വിവരങ്ങളും ഒന്നുതന്നെ എന്ന് മനസ്സിലായതോടെ റെജി വയർലസ്സ് സെറ്റിലൂടെ കൺട്രോൾ റൂമിലേക്ക് വിവരം അറിയിച്ചു.

എങ്ങോട്ടെങ്കിലും പോകണം എന്ന തീരുമാനത്തിൽ ബസ് സ്റ്റാൻഡിലേക്ക് ബസ്സ് കയറുവാനായി പോവുകയായിരുന്നു എന്നാണ് കുട്ടി പറഞ്ഞത്. ദിവസങ്ങളായി എങ്ങോട്ടെങ്കിലും പോകണം എന്ന ചിന്തയിലായിരുന്നു. . അമ്മയോടൊപ്പം ആശുപത്രിയിലെത്തിയപ്പോൾ ഒരവസരം തരപ്പെട്ടു. .

കൺട്രോൾറൂമിലെ വാഹനവും, കൂടെ അമ്മയും സ്ഥലത്തെത്തി കുട്ടിയെ തിരികെ കൊണ്ടുപോയി.

അമ്മയ്ക്കും മകൾക്കും വേണ്ട നിർദ്ദേശങ്ങളും, രണ്ടുപേർക്കും കൗൺസിലിങ്ങ് നൽകുന്നതിനുള്ള സംവിധാനം ഏർപ്പാടാക്കിയും പോലീസുദ്യോഗസ്ഥർ അവരെ വീട്ടിലേക്ക് തിരിച്ചയച്ചു.

രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങുകയും പല അപകടങ്ങളിൽചെന്നുപെട്ടതുമായ വാർത്തകൾ നിരവധിയാണ്. ഇത്തരം പ്രശ്നങ്ങളിൽ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

1. കുട്ടികളോട് സ്നേഹം പ്രകടിപ്പിക്കുന്നതിൽ ഒരിക്കലും പിശുക്ക് കാണിക്കാതിരിക്കുക.

2. കുട്ടികളുടെ നല്ല സുഹൃത്തായിരിക്കുക. അവരുമായി ചെലവഴിക്കാൻ ദിവസവും അല്പസമയം കണ്ടെത്തുക.

3. രക്ഷിതാക്കൾ അവരവരുടെ ദുസ്വഭാവങ്ങൾ സ്വയം കണ്ടെത്തി ഒഴിവാക്കുക.

4. കുട്ടികളുടെ കഴിവുകളെയും നല്ലകാര്യങ്ങളേയും അഭിനന്ദിക്കുക.

5. അവരോട് എപ്പോഴും വഴക്കുപറയാതെയും വിമർശിക്കാതെയും ക്ഷമയിലൂടെ അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക.

6. അവർക്ക് ആവശ്യത്തിനുള്ള സ്വാതന്ത്ര്യം നൽകാൻ ശ്രദ്ധിക്കുക.

7. അവർക്കും മാനസിക സമർദ്ദമുണ്ടാകാം എന്നകാര്യം ഓർത്തിരിക്കുക.

8. എളിമയും മര്യാദയും ബഹുമാനവും രക്ഷിതാക്കളിൽ നിന്നാണ് അവർ പഠിക്കുന്നതെന്ന കാര്യം മനസ്സിലാക്കുക.

9 . മക്കൾക്ക് രക്ഷിതാക്കൾ മാതൃകയാകുക’.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week