കൊച്ചി: ചെന്നൈ-മംഗളൂരു സൂപ്പര്‍ ഫാസിറ്റിലും മലബാര്‍ എക്സ്പ്രസിലും വന്‍ കവര്‍ച്ച. രണ്ടു ട്രെയിനുകളില്‍ നിന്നുമായി അറുപത് ലക്ഷത്തിലധികം രൂപയുടെ ആഭരമാണ് കവര്‍ന്നത്. ചെന്നൈ-മംഗളൂരൂ സൂപ്പര്‍ഫാസ്റ്റില്‍ നിന്ന് ഇരുപത്തിയഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് അടക്കം മോഷണം പോയി. തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്സ്പ്രസില്‍ നിന്ന് പതിനഞ്ചു പവന്‍ കവര്‍ന്നു. പയ്യന്നൂര്‍ സ്വദേശികളുടെ സ്വര്‍ണമാണ് നഷ്ടമായത്. വടകരയില്‍ എത്തിയപ്പോഴാണ് മലബാര്‍ എക്സ്പ്രസില്‍ മോഷണം നടന്നത്. തിരൂരില്‍ എത്തിയപ്പോഴാണ് ചെന്നൈ- മംഗളൂരു എക്സ്പ്രസില്‍ മോഷണം നടന്നത്. രണ്ടു ട്രെയിനുകളും ഒരേദിശയില്‍ സഞ്ചരിക്കുന്നവയാണ്. ഒരേ സംഘമാണോ കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
ഏറ്റവും വലിയ കവര്‍ച്ച സംഭവിച്ചത് ചെന്നൈ സൂപ്പര്‍ഫാസ്റ്റിലാണ്. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്ന ചെന്നൈ സ്വദേശി പൊന്നിമാരന്റെ സ്വര്‍ണവും ഡയമണ്ടും പണവും ഉള്‍പ്പടെ 25 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. എ.സി.കമ്പാര്‍ട്ട്മെന്റിലായിരുന്നു പൊന്നിമാരന്‍ സഞ്ചരിച്ചിരുന്നത്. ഇവിടെ വച്ചാണ് മോഷണം നടന്നത്. ഇയാള്‍ റെയില്‍വേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മലബാര്‍ എക്സപ്രസില്‍ കവര്‍ച്ചക്കിരയായത് പയ്യന്നൂര്‍ സ്വദേശിയാണ്. ഇയാള്‍ ഇതേ ട്രെയിനില്‍ തന്നെയാണ് ഉള്ളത്. പയ്യന്നൂര്‍ ഇറങ്ങുന്ന ഇയാളെ കണ്ട് വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി റെയില്‍വേ പോലീസ് പയ്യന്നൂരിലേക്ക് തിരിച്ചിട്ടുണ്ട്. പരാതിക്കാരനെ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ആസൂത്രിതമായ മോഷണമാണ് നടന്നിരിക്കുന്നതെന്നാണ് നിഗമനം.