കോട്ടയം: ക്ഷേത്രത്തില്‍ പൂജിക്കാന്‍ നല്‍കിയ നവരത്‌ന മോതിരം മേല്‍ശാന്തി പണയം വെച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള തിരുമൂഴിക്കുളം ദേവസ്വത്തിലെ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് മോതിരം പണയം വെച്ചത്. പരാതിയെത്തുടര്‍ന്നു മേല്‍ശാന്തിയെ സസ്‌പെന്‍ഡ് ചെയ്തു.
വൈക്കം ഡപ്യൂട്ടി കമ്മിഷണര്‍ ഓഫിസിന്റെ പരിധിയിലുള്ള തിരുമൂഴിക്കുളം ദേവസ്വം മേല്‍ശാന്തി കെ പി വിനീഷിനെയാണു സസ്‌പെന്‍ഡ് ചെയ്തത്. പ്രവാസി മലയാളി കുടുംബം പൂജിച്ചു നല്‍കാന്‍ ഏല്‍പിച്ച ഒന്നര ലക്ഷം രൂപയുടെ നവരത്‌നമോതിരമാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മേല്‍ശാന്തി പണയം വെച്ചത്.
ദുബായില്‍ ജോലി നോക്കുന്ന പറവൂര്‍ സ്വദേശിയും കുടുംബവുമാണ് മോതിരം മേല്‍ശാന്തിയെ ഏല്‍പിച്ചത്. എന്നാല്‍, 21 ദിവസത്തെ പൂജ ചെയ്താല്‍ കൂടുതല്‍ ഉത്തമമാകുമെന്നു മേല്‍ശാന്തി കുടുംബത്തെ വിശ്വസിപ്പിച്ചു. എന്നാല്‍, പിന്നീട് പൂജകളുടെ പൂവും ചന്ദനവും മാത്രമാണു പ്രസാദമായി പട്ടില്‍ പൊതിഞ്ഞു കിട്ടിയതെന്ന് കുടുംബം പരാതിപ്പെട്ടു.
മോതിരം കൈമോശം വന്നെന്നാണു മേല്‍ശാന്തി കുടുംബത്തോട് പറഞ്ഞത്. പ്രവാസിയും കുടുംബവും ദേവസ്വം കമ്മിഷണര്‍ക്കു പരാതി നല്‍കി. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മോതിരം പണയം വച്ചെന്നു മേല്‍ശാന്തി കമ്മീഷണറോട് സമ്മതിച്ചു. അന്വേഷണത്തിനിടയില്‍ പിന്നീട് മേല്‍ശാന്തി മോതിരം തിരികെ നല്‍കി.
എന്നാല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം കമ്മിഷണറുടെ ഉത്തരവു പ്രകാരം മേല്‍ശാന്തിയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഇതേ സമയം മോതിരം യഥാവിധി രസീത് എഴുതി വഴിപാടായി ക്ഷേത്രത്തില്‍ ഏല്‍പിച്ചതല്ലെന്നും മേല്‍ശാന്തിയുമായി വഴിപാടുകാര്‍ നേരിട്ട് ഇടപാട് നടത്തുകയായിരുന്നുവെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്‌ഐ പറഞ്ഞു.
തിരുമൂഴിക്കുളം ദേവസ്വത്തിലെത്തന്നെ കീഴ്ശാന്തി മനോജിനെ മേടവിഷു ഡ്യൂട്ടിക്കു ശബരിമലയില്‍ ആടിയ നെയ്യ് മറിച്ചുവിറ്റെന്ന പരാതിയില്‍ കഴിഞ്ഞ മാസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ടു ശാന്തിക്കാരും സസ്‌പെന്‍ഷനിലായതോടെ തിരുവാലൂര്‍ സബ്ഗ്രൂപ്പില്‍പെട്ട കീഴാനിക്കാവ് ദേവസ്വം ശാന്തി എം.ജി. കൃഷ്ണനെ പകരം നിയമിച്ചു. ആഴ്ചകള്‍ക്കു ശേഷം മോതിരം തിരികെ നല്‍കിയെങ്കിലും ദേവസ്വത്തിന്റെയും വിജിലന്‍സിന്റെയും അന്വേഷണം തുടരുകയാണ്.