തിരൂർ: ഷവർമക്കൊപ്പമുള്ള മുളകിന് വലുപ്പം കുറവാണെന്ന് ആരോപിച്ച് ബേക്കറി ഉടമകൾക്ക് മർദനം. മലപ്പുറം പുത്തനത്താണിയിലെ തിരുനാവായ റോഡിലെ കുട്ടികളത്താണിയിലുള്ള എൻജെ ബേക്കറിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അതിക്രമം നടന്നത്. രാത്രിയിൽ ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് അതിക്രമം കാണിച്ചത്. നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
കൽപ്പഞ്ചേരി സ്വദേശികളായ ജനാർദനൻ (45), സത്താർ (45), മുഹമ്മദ് ഹനീഫ് (45), മുജീബ് (45) എന്നിവർ രണ്ട് സാൻഡ്വിച്ചും രണ്ട് ഷവർമയുമാണ് ഓർഡർ ചെയ്തത്. കാറിലിരുന്ന് ഓർഡർ ചെയ്ത സംഘം പിന്നീട് സാൻഡ്‍വിച്ച് ഓർഡർ റദ്ദാക്കി. ഷവർമ്മ കൈമാറിയതിന് പിന്നാലെ ഒപ്പമുള്ള മുളകിന്റെ വലുപ്പത്തെ ചൊല്ലി സംഘം കടയിലെ ജീവനക്കാരുമായി തർക്കം ആരംഭിക്കുകയായിരുന്നു. വയനാട് കുന്നമ്പറ്റ സ്വദേശിയായ കരീമും മക്കളായ മുഹമ്മദ് സബീലും അജ്മലുമാണ് കടയിലുണ്ടായിരുന്നത്.
ഓർഡർ ചെയ്ത ഷവർമയുമായി കരീം കാറിനടുത്തെത്തിയപ്പോൾ ഇത്ര ചെറിയ പച്ചമുളകാണോ ഷവർമക്കൊപ്പം കൊടുക്കുന്നതെന്ന് ചോദിച്ച് മർദിക്കുകയായിരുന്നു. തടയാനെത്തിയ മക്കൾക്കും മർദനമേറ്റു. മുളകിന്റെ വലുപ്പത്തേച്ചൊല്ലി നാലംഗ സംഘം തർക്കം തുടങ്ങി, പിന്നാലെ കടയുടമ ഏത് നാട്ടുകാരനാണെന്ന് തിരക്കി. വയനാട് സ്വദേശിയാണെന്ന് പറഞ്ഞതോടെ അക്രമിച്ചെന്നാണ് പരാതി.
കാറിലുണ്ടായിരുന്ന വടിയെടുത്ത് അജ്മലിനെ അടിച്ച സംഘം തള്ളി വീഴ്ത്തി തലയ്ക്ക് ചവിട്ടുകയും ചെയ്തു സബീലിനെ കടിച്ചും പരിക്കേൽപ്പിച്ചു. നാട്ടുകാർ ഓടിക്കൂടിയതോടെ നാലംഗ സംഘം സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.