34 C
Kottayam
Friday, April 19, 2024

നിയമനരീതി ശുദ്ധ അസംബന്ധം; രേഖാരാജിന്റെ നിയമനം റദ്ദാക്കിയത് സുപ്രീം കോടതി ശരിവെച്ചു

Must read

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ദളിത് സ്ത്രീ ചിന്തക രേഖാ രാജിനെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. എംജി സര്‍വകലാശാല നടത്തിയ നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഇതുവരെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാത്ത മറ്റ് നിയമനങ്ങള്‍ക്ക് ഈ വിധി ബാധകമായിരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഗാന്ധിയന്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള രേഖാ രാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി റാങ്ക് പട്ടികയില്‍ രണ്ടാമെത്തിയ നിഷ വേലപ്പന്‍ നായര്‍ക്ക് ഉടന്‍ നിയമനം നല്‍കണമെന്ന് ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെതിരെ മഹാത്മാ ഗാന്ധി സര്‍വകലാശാലയും രേഖ രാജുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജികളിലെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമന വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കാന്‍ സര്‍വകലാശാലയ്ക്ക് അധികാരം ഉണ്ടെന്ന് ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും അഭിഭാഷക കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല.

രേഖാ രാജിനും നിഷ വേലപ്പന്‍ നായര്‍ക്കും പിഎച്ച്ഡി ഉണ്ടായിട്ടും ഒരാള്‍ക്ക് മാത്രം എന്തുകൊണ്ട് നിയമനത്തിന് പിഎച്ച്ഡി യുടെ മാര്‍ക്ക് കണക്കാക്കിയെന്ന് കോടതി ആരാഞ്ഞു. നെറ്റ് ആണ് അടിസ്ഥാന യോഗ്യതയെന്നും നെറ്റ് ഇല്ലാത്തതിനാലാണ് നിഷ വേലപ്പന്‍ നായര്‍ക്ക് പിഎച്ച്ഡിയുടെ മാര്‍ക്ക് കണക്കാക്കാത്തതെന്നും സര്‍വകലാശാലയുടെ അഭിഭാഷക സാക്ഷി കക്കര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

യുജിസി അംഗീകരിക്കാത്ത ജേര്‍ണലിലില്‍ പ്രസിദ്ധീകരിച്ച രേഖ രാജിന്റെ ലേഖനങ്ങള്‍ക്ക് ഇന്റര്‍വ്യൂ ബോര്‍ഡ് മാര്‍ക്ക് നല്‍കിയതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ ലേഖനങ്ങള്‍ സര്‍വകലാശാല അംഗീകരിച്ച ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് രേഖ രാജിന്റെ അഭിഭാഷകന്‍ പി. വി. ദിനേശ് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. യുജിസി അംഗീകരിച്ച ജേര്‍ണലുകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പലരും ലക്ഷങ്ങളാണ് വാങ്ങുന്നതെന്നും ഇത് വലിയ അഴിമതിയാണെന്നും അദ്ദേഹം വാദിച്ചു. രേഖ രാജിന് വേണ്ടി പി.വി ദിനേശിന് പുറമെ അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലി പി. എസ്സും ഹാജരായി.

രേഖ രാജിന്റെ നിയമനം റദ്ദാക്കിയ വിധി മറ്റ് നിയമനങ്ങളെയും ബാധിക്കുമെന്ന് സര്‍വകലാശാല സുപ്രീംകോടതിയില്‍ ആശങ്ക അറിയിച്ചു. തുടര്‍ന്നാണ് ഇതുവരെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാത്ത മറ്റ് നിയമനങ്ങള്‍ക്ക് ഈ വിധി ബാധകമായിരിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week