അധ്യാപക ദമ്പതികളെ വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ റിട്ട. അധ്യാപക ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെക്കു-കിഴക്കന്‍ ഡല്‍ഹിയിലെ ഗോവിന്ദപുരി മേഖലയിലാണ് സംഭവം. രാകേഷ് കുമാര്‍ ജയിന്‍ (74), ഭാര്യ ഉഷ (69) എന്നിവരാണ് മരിച്ചത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ ഇരുവരെയും കാര്യമായി അലട്ടിയിരുന്നു. ഇതില്‍ മനംനൊന്ത് ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
വീടിനുള്ളില്‍ സ്റ്റീല്‍ പൈപ്പില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളില്‍ മനംമടുത്തുവെന്നും അതിനാലാണ് ജീവനൊടുക്കുന്നതെന്നും വ്യക്തമാക്കുന്ന ദമ്പതികളുടെ കുറിപ്പ് പോലീസിന് വീടിനുള്ളില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
ദമ്പതികള്‍ക്ക് സഹായിയായി നിന്നിരുന്ന അജിത് എന്നയാളാണ് ആദ്യം സംഭവമറിയുന്നത്. ഇയാള്‍ വീട്ടില്‍ എത്തി കോളിംഗ് ബെല്‍ മുഴക്കിയിട്ടും പ്രതികരണം ഉണ്ടാകാതെ വന്നതോടെ മകള്‍ അങ്കിതയെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് പൂട്ട് തകര്‍ത്ത് വീടിനുള്ളില്‍ പ്രവേശിച്ചപ്പോഴാണ് മൃതദേങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
യുപിയിലെ ഗോണ്ടയില്‍ വച്ച് കഴിഞ്ഞ് വര്‍ഷമാണ് ദമ്പതികള്‍ക്ക് അപകടമുണ്ടായത്. ഭര്‍ത്താവ് രാകേഷിന് നട്ടെല്ലിനും ഭാര്യ ഉഷയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലൂടെ ചെറിയ തോതില്‍ നടക്കാന്‍ തുടങ്ങിയെങ്കിലും ഇരുവരും മനോവിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.