ചെന്നൈ:തമിഴ് രാഷ്ട്രീയത്തിലെ പ്രമുഖനും ഡി എം കെ നേതാവുമായ ജെ അന്‍പഴഗന്‍ എം എല്‍ എ കൊവിഡിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍, ക്രോംപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലുള്ള അന്‍പഴഗന്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.
61 വയസുകാരനായ ഇദ്ദേഹത്തെ മെയ് 2നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, നിലവില്‍ 80 ശതമാനവും വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഇദ്ദഹം ശ്വസിക്കുന്നതെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. 25 വര്‍ഷം മുമ്പ് ഇദ്ദേഹം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനായിരുന്നുവെന്നാണ് ഡി എം കെ വൃത്തങ്ങള്‍ പറയുന്നത്.
ചെന്നൈ ചെപോക്ക് തിരുവല്ലിക്കേനി മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ ആയ ഇദ്ദേഹം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ആളായിരുന്നു, തമിഴ്നാട്ടില്‍ കൊവിഡ് ബാധിക്കുന്ന ആദ്യ നിയമസഭാംഗമാണ് അന്‍പഴഗന്‍.
സംസ്ഥാനം നടപ്പിലാക്കുന്ന മുഴുവന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അപ്രസക്തമാക്കി തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1384 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിയ്ക്കുന്നത്.27256 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്.24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 12 രോഗികള്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 220 ആയി ഉയര്‍ന്നു.
രാജ്യത്തെ കൊവിഡ് രോഗബാധിതരില്‍ ഏറിയപങ്കും ഇപ്പോഴും മഹാരാഷ്ട്ര തമിഴ്നാട്,ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.രോഗികളുടെ എണ്ണത്തില്‍ 61 ശതമാനവും മരിച്ചവരില്‍ 56 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.