കോളേജ് വിദ്യാര്‍ഥിനിയുടെ കിടപ്പറ ദൃശ്യങ്ങള്‍ ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തി; പൈലറ്റ് അറസ്റ്റില്‍
ഫ്‌ളോറിഡ: കോളേജ് വിദ്യാര്‍ഥിനിയുടെ കിടപ്പറ ദൃശ്യങ്ങള്‍ ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ കേസില്‍ പൈലറ്റ് അറസ്റ്റില്‍. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് പൈലറ്റായ വെര്‍നന്‍ ഡൈവന്‍ ക്രൈഡര്‍ (55) ആണ് അറസ്റ്റിലായത്. യൂണിവേഴ്സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയില്‍ വിദ്യാര്‍ത്ഥിനിയായ 19 വയസ്സുകാരിയുടെ പരാതിയിലാണ് നടപടി.
സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഭവനസമുച്ചയത്തിലെ വീട്ടിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ കിടപ്പറയ്ക്കു നേരെയുള്ള ജനാലയില്‍ ചെറിയ ദ്വാരമുണ്ടാക്കിയാണ് സിഗരറ്റ് ലൈറ്ററിന്റെ വലിപ്പമുള്ള ക്യാമറ ഒളിച്ചിപ്പു വെച്ചിരുന്നതെന്ന് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ജനലില്‍ അസാധാരണമായ നീല വെളിച്ചം കണ്ടപ്പോഴാണ് പെണ്‍കുട്ടി ശ്രദ്ധിച്ചത്.
പരിശോധനയില്‍ ഒരു രഹസ്യ ക്യാമറയാണെന്ന് മനസിലായി. പെണ്‍കുട്ടിയുടെ കിടപ്പറയിലേക്ക് തിരിച്ചുവച്ച നിലയിലായിരുന്നു ക്യാമറ. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയും ക്യാമറ കൈമാറുകയും ചെയ്തു. പെണ്‍കുട്ടിയുടെ കിടപ്പറയിലെ രണ്ടു മണിക്കൂറോളമുള്ള ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതായി പൊലീസ് പരിശോധനയില്‍ കണ്ടെത്തി.
നേരത്തെ പകര്‍ത്തിയ കോക്പിറ്റിന്റെ ദൃശ്യങ്ങളും പൈലറ്റിന്റെ ഫോട്ടോയും മറ്റ് വിവരങ്ങളും ക്യാമറയുടെ മെമ്മറിയില്‍ നിന്നും കണ്ടെത്തിയതോടെയാണ് പ്രതി കുടുങ്ങിയത്. ക്യാമറയിലെ സിം കാര്‍ഡ് പൈലറ്റിന്റെ പേരിലായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍, ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് പൈലറ്റിന്റേതാണ് ക്യാമറയെന്നു കണ്ടെത്തി. ഇതിനു ശേഷമാണ്, പൈലറ്റിനെ അറസ്റ്റ് ചെയ്തത്.