തിരുവനന്തപുരം:തദ്ദേശഭരണ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഉടൻ.സ്ട്രോംഗ് റൂമുകൾ തുറന്നു തുടങ്ങി.രാവിലെ എട്ടു മുതൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്. എട്ടേകാൽ മുതൽ ആദ്യ ഫല സൂചനകൾ പുറത്തു വരും. രാവിലെ 11 മണിയോടെ ഗ്രാമ പഞ്ചായത്തുകളിലെ മുഴുവൻ ഫലങ്ങളും ലഭ്യമാകുമെന്നാണു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അധികൃതർ പറയുന്നത്.
ഉച്ചയോടെ എല്ലാ ഫലങ്ങളും ലഭ്യമാകുമെന്നാണു പ്രതീക്ഷ. മൂന്നു ഘട്ടങ്ങളിലായി നടന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് ഇന്നു നടക്കുക. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്.
കോവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും നല്കിയ 86,576 സ്പെഷൽ തപാൽ ബാലറ്റുകൾ ഉൾപ്പെടെ 2,11,846 തപാൽ ബാലറ്റുകളാണ് വിതരണം ചെയ്തിരുന്നത്.
14 ജില്ലാ പഞ്ചായത്തുകൾ ആറ് കോർപറേഷനുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റികൾ, 941 ഗ്രാമപഞ്ചായത്തുകൾ എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങുന്നതു മുതലുള്ള പുരോഗതി പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെ അറിയാം.
ജില്ലാബ്ലോക്ക് ഗ്രാമപഞ്ചായത്ത്, കോർപറേഷൻ, നഗരസഭാ തലങ്ങളിൽ സീറ്റുകളുടെ എണ്ണവും ലീഡ് നിലയും അറിയാനാകും. പൊതുജനങ്ങൾക്ക് വോട്ടെണ്ണൽ വിവരങ്ങൾ ടെൻഡ്സ് എന്ന വെബ്സൈറ്റിൽ തൽസമയം അറിയാം.