തിരുവനന്തപുരം:സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ ഫലങ്ങള്‍ ജൂണ്‍ 30 നും ജൂലായ് പത്തിനും പ്രസിദ്ധീകരിക്കും. എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്ത് വന്ന് പത്ത് ദിവസത്തിന് ശേഷം പ്ലസ് ടു ഫലം പ്രസിദ്ധീകരിക്കും.കൊവിഡ് പ്രതിരോധത്തിനിടെ ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് സര്‍ക്കാര്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയത്.
മൂല്യനിര്‍ണയം ഈയാഴ്ച പൂര്‍ത്തിയാകും.കൊവിഡിനെ തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്. ജൂലൈയില്‍ തന്നെ പ്ലസ് വണ്‍, ബിരുദ പ്രവേശന നടപടികള്‍ തുടങ്ങാനാണ് സര്‍ക്കാരിന്റെ ശ്രമം.
ഹോട്ട്‌സ്‌പോട്ട്, കണ്ടെയ്ന്‍മെന്റ് മേഖലകളിലെ ചില കേന്ദ്രങ്ങളില്‍ അധ്യാപകര്‍ എത്താത്തതിനാല്‍ മൂല്യനിര്‍ണയം തടസ്സപ്പെട്ടെങ്കിലും പകരം സംവിധാനം വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയിരുന്നു. മാര്‍ക്ക് രേഖപ്പെടുത്തലും സമാന്തരമായി നടക്കുന്നുണ്ട്.
കൊവിഡ് വ്യാപനം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിര്‍ത്തി വച്ച എസ്എസ്എല്‍സി പ്ലസ് ടൂ പരീക്ഷകള്‍ മെയ് 26 മുതലാണ് പുനരാരംഭിച്ചത്. മെയ് 30ന് പരീക്ഷകള്‍ അവസാനിച്ചു. മെയ് 30ന് ശേഷമാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സംസ്ഥാനത്തെ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ വിദ്യാഭ്യാസം സജ്ജീകരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 15 ന് ശേഷം മാത്രമേ പുനരാരംഭിക്കുകയുള്ളൂ എന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.