26 C
Kottayam
Friday, March 29, 2024

ആരോടു പറയാന്‍? ആര് കേള്‍ക്കാന്‍! ജാതിയുടെ പേരില്‍ മകളെ വിധവയാക്കിയ അച്ഛനും ചേട്ടനുമൊക്കെയാണ് ഇപ്പോഴും മിക്കവരുടെയും മാതൃകാപുരുഷന്മാര്‍

Must read

കോട്ടയം: സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയായ കെവിന്‍ വധക്കേസില്‍ 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവും പിഴയും കോടതി വിധിച്ചതിനോട് മിക്കവരും പ്രതികരിച്ചത് അര്‍ഹിച്ച ശിക്ഷയെന്നാണ്. എന്നാല്‍ ജാതിയുടെ പേരില്‍ മകളെ വിധവയാക്കിയ അച്ഛനും ചേട്ടനുമൊക്കെയാണ് ഇപ്പോഴും മിക്കവരുടെയും മാതൃകാപുരുഷന്മാര്‍ എന്നാണ് ഡോ. ഷിംന തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. കെവിന്‍ കൊലപാതകക്കേസില്‍ നീനുവിന്റെ പ്രതികരണത്തെ കുറിച്ചുള്ള ഓണ്‍ലൈന്‍ ന്യൂസ് പേജുകളിലെ കമന്റുകള്‍ പലതും വല്ലാതെ അതിശയിപ്പിക്കുന്നുവെന്ന് ഷിംന പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

കെവിന്‍ കൊലപാതകക്കേസില്‍ നീനുവിന്റെ പ്രതികരണത്തെ കുറിച്ചുള്ള ഓണ്‍ലൈന്‍ ന്യൂസ് പേജുകളിലെ കമന്റുകള്‍ പലതും വല്ലാതെ അതിശയിപ്പിക്കുന്നു.

ജാതിയുടെ പേരില്‍ മകളെ വിധവയാക്കിയ അച്ഛനും ചേട്ടനുമൊക്കെയാണ് ഇപ്പോഴും മിക്കവരുടെയും മാതൃകാപുരുഷന്മാര്‍. നീനുവിനോട് ഭര്‍ത്താവിന്റെ കുടുംബത്തെ കളഞ്ഞ് തിരിച്ച് സ്വന്തം വീട്ടില്‍ പോയി താമസിക്കാന്‍ ഉപദേശിക്കുന്നവരും ഇഷ്ടം പോലെ.

മകള്‍ ഇഷ്ടപ്പെട്ടവന്റെ കൂടെ ഇറങ്ങിപോകുന്നത് ക്ഷമിക്കാനും ഉള്‍ക്കൊള്ളാനുമുളള മനോവിശാലതയൊന്നും മിക്കവാറും മാതാപിതാക്കള്‍ക്കും കാണില്ലായിരിക്കാം. പക്ഷേ, അതിന്റെ പേരില്‍ അവളെ വിധവയാക്കാന്‍ മാത്രം തെമ്മാടിത്തരം അച്ഛന്‍ കാണിച്ചാലും ആങ്ങള കാണിച്ചാലും വേറെ ആര് തന്നെ കാണിച്ചാലും അതിന് പേര് ‘കൊലപാതകം’ എന്ന് തന്നെയാണ്.

ജനിപ്പിച്ചു എന്നത് കൊണ്ടും വളര്‍ത്തി വലുതാക്കി എന്നത് കൊണ്ടും ബൈ ഡീഫോള്‍ട്ട് മക്കള്‍ ചെയ്യുന്നത് തെറ്റും മാതാപിതാക്കള്‍ സദാ ശരിയുമാകുന്നത് എങ്ങനെയാണ്? ‘ഞാന്‍ തല്ലും കൊല്ലും, വായില്‍ തോന്നിയതെല്ലാം വിളിച്ചു പറയും, എന്നോട് വന്നു ചിരിക്കണം, അനുസരിക്കണം, കാലേല്‍ വീഴണം’ എന്ന് മുപ്പതു കൊല്ലം മുന്‍പ് ജനിച്ചു പോയതിന്റെയും ജനിപ്പിച്ചതിന്റെയും മെറിറ്റില്‍ പറയുന്നതിന് വലിയ കഥയൊന്നുമില്ല.

ആരാണെങ്കിലും ജന്മം കൊണ്ടല്ല, കര്‍മ്മം കൊണ്ടാണ് അമ്മയും അച്ഛനുമാകുന്നത്. തല്ലിയും തെറിവിളിച്ചും കഴിഞ്ഞു ബിരിയാണി വിളമ്പി തന്നാല്‍ അതിനു വലിയ രുചിയൊന്നും കാണില്ല. ബിരിയാണി വെക്കാനുള്ള അരി അധ്വാനിച്ച് നേടാന്‍ പുറത്ത് പോയ കഷ്ടപ്പാട് ദിവസം മൂന്നു തവണ വെച്ചു പറഞ്ഞാല്‍ മക്കള്‍ ശ്രദ്ധിച്ചുവെന്നും വരില്ല.

പകരം അവരെയും വെയിലും വേദനയും ഒക്കെ കാണിച്ചും ചേര്‍ത്ത് പിടിച്ചും വളര്‍ത്തണം. ഒന്നിച്ചിരുത്തി ഊട്ടണം, സ്‌നേഹം പ്രകടിപ്പിച്ച് സ്‌നേഹം തിരിച്ചു വാങ്ങണം. അല്ലാതെ, ‘ഞാന്‍ പീഡിപ്പിക്കും എന്നെ സ്‌നേഹിച്ചോളണം’ എന്ന് അടിച്ചേല്‍പ്പിക്കാന്‍ നോക്കിയാല്‍ വിപരീതഫലം ചെയ്യും.

നീനുവിനെ വീട്ടില്‍ കേറാന്‍ ഉപദേശിക്കാനൊക്കെ വളരെ എളുപ്പമാണ്. ഭര്‍ത്താവിനെ കൊന്നവരുടെ ഇടയില്‍ ചെന്ന് പാര്‍ക്കാനാണ് പറയുന്നത്. ആ പെണ്‍കുട്ടിയോട് എന്താണ് ആവശ്യപ്പെടുന്നത് എന്ന് വല്ല ഊഹവുമുണ്ടോ?

വാര്‍ത്തു വെച്ച അച്ചിലിട്ടു ചിന്തിക്കുന്നതിന് പകരം കാര്യങ്ങളുടെ ന്യായത്തിന്റെ ഭാഗത്ത് നിന്ന് വിശകലനം ചെയ്യാന്‍ എന്നാണു നമ്മള്‍ പഠിക്കുക?

പെണ്‍കുട്ടി എന്നും നല്ല മകളും കുലസ്ത്രീയും സമൂഹം വരച്ചിരിക്കുന്ന വരയിലൂടെ ശ്വാസമടക്കിപ്പിടിച്ച്, ശബ്ദം കേള്‍പ്പിക്കാതെ, മറ്റാരുടെയും മുഖത്ത് പോലും നോക്കാതെ ഭൂമീദേവിയോളം ക്ഷമയോടെ , അച്ചടക്കത്തോടെ നടക്കുന്നവളും ‘അഡ്ജസ്റ്റ്’ ചെയ്യേണ്ടവളും പിന്നേം വേറേതാണ്ടൊക്കെയോയും ആയി നടന്നോളണമെന്ന് പറയുന്നവരോട്, അവളെ ‘മനുഷ്യന്‍’ എന്ന പദത്തില്‍ മാത്രമായി ഉള്‍ക്കൊള്ളിച്ചൂടേ എന്ന് ചോദിക്കണമെന്നുണ്ട്.

ആരോടു പറയാന്‍? ആര് കേള്‍ക്കാന്‍!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week