33.4 C
Kottayam
Saturday, April 20, 2024

സ്റ്റാലിന്‍റെ റഷ്യയല്ലിത്, കേരളമാണ്;പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ;കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനറേയും, കെ.സുധാകരന്‍

Must read

തിരുവനന്തപുരം: കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെയുമാണെന്ന് കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരന്‍ എംപി.പറഞ്ഞു.അക്രമരാഷ്ട്രീയത്തിന്‍റെ ഉപാസകരാണ് ഇരുവരും. കൊലപാതകവും അക്രമവും സിപിഎം ശൈലിയും പാരമ്പര്യവുമാണ്. കൊന്നും കൊല്ലിച്ചും കേരള രാഷ്ട്രീയത്തില്‍ ഇടം കണ്ടെത്തിയവരാണ് ഇന്നത്തെ പല സിപിഎം നേതാക്കളും.എകെജി സെന്‍റരിലെ  പടക്കമേറ് ഉള്‍പ്പെടെയുള്ള കേസുകളിലെ ആസൂത്രകനാണ് ജയരാജന്‍. പരാതിക്കാരനെതിരെ കാപ്പ ചുമത്തുന്ന ആഭ്യന്തരവകുപ്പ് രാജ്യത്തിന് തന്നെ നാണക്കേടാണ്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ച ഇപി ജയരാജന് പോലീസ് സംരക്ഷണവും സുരക്ഷയും. അതേസമയം കൊടിയ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന യൂത്ത് കോണ്‍ഗ്രസുകാരെ പ്രതിയാക്കുകയാണ് മുഖ്യമന്ത്രിയുടെ പോലീസ്. കോടതി ഉത്തരവിട്ടിട്ടും എല്‍ഡിഎഫ് കണ്‍വീനറെ  ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറാകുന്നില്ല.സിപിഎം കേന്ദ്രങ്ങളുടെ ഉത്തരവുകള്‍ മാത്രം നടപ്പാക്കുന്ന മാനവും നാണവുമില്ലാത്ത ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ പോലീസ് സേനയെ സിപിഎമ്മിന്‍റെ  പോഷക സംഘടനായാക്കി മാറ്റി. സ്വന്തം അണികളെ പോലും നിഷ്ഠൂരമായി വെട്ടിക്കൊല്ലുന്ന പ്രസ്ഥാനമായി സിപിഎം അധഃപതിച്ചു. പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ വധക്കേസിലെ പ്രതികളുടെ വെളിപ്പെടുത്തല്‍ അതിന് തെളിവെന്നും രക്തസാക്ഷികളെ സൃഷ്ടിക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും സുധാകരന്‍ പറഞ്ഞു.

‘കോണ്‍ഗ്രസുകാര്‍ക്കെതിരെ കാപ്പ ചുമത്താന്‍ വന്നാല്‍ പ്രതിരോധിക്കും; ‘

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ കരിങ്കൊടി കാട്ടിയതിന്‍റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടയാക്കാനുള്ള തീരുമാനത്തെ ശക്തിയായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.. ഫര്‍സീനെതിരെ 19 കേസുകളുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ 12 കേസുകളും കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിനുള്ള നിസാര കേസുകളാണ്. അതില്‍ പലതും അവസാനിച്ചു. അങ്ങനെയെങ്കില്‍ 40 ക്രിമിനല്‍ കേസുകളുള്ള എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താന്‍ സര്‍ക്കാര്‍ തയാറാകുമോ? ഇയാള്‍ക്കെതിരായ 16 കേസുകളും ആയുധം ഉപയോഗിച്ച് മറ്റ് വിദ്യാര്‍ഥികളെ ആക്രമിച്ചതിനാണ്. മൂന്ന് കേസുകള്‍ വധശ്രമത്തിനും ഒരോ കേസുകള്‍ വീതം തട്ടിക്കൊണ്ട് പോകലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ്. ഇത്രയും വലിയ ക്രിമിനല്‍ കേസുകളുള്ള എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താത്ത സര്‍ക്കാരാണ് നിസാരമായ പെറ്റി കേസുകളുള്ള ഫര്‍സീനെതിരെ കാപ്പ ചുമത്തുന്നത്.

സംസ്ഥാനത്ത് വിഹരിക്കുന്ന പതിനാലായിരത്തിലധികം ഗുണ്ടകള്‍ക്കും കാല് വെട്ടി ബൈക്കില്‍ കൊണ്ടു പോയവര്‍ക്കുമൊക്കെ എതിരെ കാപ്പ ചുമത്താന്‍ തയാറാകാത്തവര്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെ കാപ്പ ചുമത്താന്‍ വന്നാല്‍ അതേ ശക്തിയില്‍ പ്രതിരോധിക്കും. ഈ പരിപാടി ഇവിടെ അവസാനിപ്പിക്കണം. കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചതിന്റെ പേരില്‍ കാപ്പ ചുമത്തി അകത്തിടുമെങ്കില്‍, ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണെന്ന് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു. ആ കളി ഞങ്ങളോട് വേണ്ടെന്നും സതീശന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week