സഞ്ജു സാംസൺ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ?സിംബാബ്‌വെ പര്യടനവുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവം

ന്യൂഡൽഹി∙ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരം യുഎസിലെ ഫ്ലോറിഡയിൽ നടക്കാനിരിക്കെ മലയാളി ക്രിക്കറ്റ് ആരാധകർ ആകാംക്ഷയിലാണ്. മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ക്യാപ്റ്റൻ രോഹിത് ശർമയുടെ പരുക്കും ശ്രേയസ് അയ്യരുടെ ഫോമില്ലായ്മയുമാണ് സഞ്ജുവിന്റെ സാധ്യതകൾ വർധിപ്പിക്കുന്നത്. മൂന്നാം മത്സരത്തിനു മുന്നോടിയായി താരം നെറ്റ്സിൽ കഠിനപരിശീലനം നടത്തിയെങ്കിലും അന്തിമ ഇലവനിൽ സ്ഥാനം ലഭിച്ചില്ല. ഇതിനെതിരെ നിരവധി ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

അതേസമയം, സഞ്ജു ആരാധകർക്കു സന്തോഷം നൽകുന്ന മറ്റൊരു ചർച്ചയും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. വിൻഡീസ് പരമ്പരയ്ക്കുശേഷം നടക്കുന്ന സിംബാബ്‌വെ പര്യടനത്തിൽ, സഞ്ജു സാംസൺ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായേക്കുമെന്നാണ് അഭ്യൂഹം. ഇതു സംബന്ധിച്ചു നിരവധി ട്വീറ്റുകളാണ് നിറയുന്നത്. 15 അംഗ ടീമിനെ ശിഖർ ധവാനാണ് നയിക്കുന്നത്. വൈസ് ക്യാപ്റ്റനെ ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

എന്നാൽ ധവാൻ കഴിഞ്ഞാൻ, ബാക്കിയുള്ള 14 താരങ്ങളിൽ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേയ്ക്കു യോഗ്യനായി സഞ്ജു സാംസൺ മാത്രമാണ് ഉള്ളതെന്നതാണ് ആരാധകരുടെ പക്ഷം. ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലുള്ള അനുഭവസമ്പത്തും സഞ്ജുവിന്റെ സാധ്യത വർധിപ്പിക്കുന്നു. ഇഷാൻ കിഷനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ടീമിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

എന്നാൽ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലുൾപ്പെടെ ഇഷാനു പകരം സഞ്ജുവാണ് പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടത്. ഒരു അർധസെഞ്ചറി നേടിയ സഞ്ജുവിന്റെ കീപ്പിങ്ങിലെ മികവ് ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.

അതുകൊണ്ടുതന്നെ സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിലും സഞ്ജു കളത്തിലിറങ്ങുന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. എന്നാൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാകുന്ന ആദ്യ മലയാളിയാകുമോ സഞ്ജു സാംസൺ എന്നറിയാൻ കാത്തിരിക്കുക തന്നെ വേണം. ഓഗസ്റ്റ് 18, 20, 22 തീയതികളിലാണ് സിംബാബ്‌വെയ്ക്കെതിരായ ഏകദിന മത്സരങ്ങൾ.

ഇന്ത്യൻ ടീം:

ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിങ്ടൻ സുന്ദർ, ശാർദൂൽ ഠാക്കൂർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ആവേശ് ഖാൻ, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News
Exit mobile version