കൊച്ചി: സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും സക്കീര്‍ ഹുസൈനെ മാറ്റി. അനധികൃത സ്വത്ത് സമ്പാദനം, വിദേശയാത്ര എന്നീ ആരോപണങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും സക്കീര്‍ ഹുസൈനെ തരംതാഴ്ത്തിയിട്ടുണ്ട്. സിപിഎം ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന് സിപിഎം സംസ്ഥാനസമിതി അനുമതി നല്‍കി
കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ നിരവധി ആരോപണങ്ങളാണുള്ളത്. ഏറ്റവുമൊടുവിലായി പ്രളയദുരിതാശ്വാസ തട്ടിപ്പില്‍പ്പെട്ട ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും സിപിഎം തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ സിയാദിന്റെ ആത്മഹത്യാ കുറിപ്പിലും സക്കീര്‍ ഹുസൈന്റെ പേരുണ്ടായിരുന്നു.
പ്രളയഫണ്ട് തട്ടിപ്പ്, വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം തുടങ്ങിയതടക്കമുള്ള ആരോപണങ്ങള്‍ സക്കീര്‍ ഹുസൈനെതിരെ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷനാണ് സക്കീര്‍ ഹുസൈനെതിരെ അന്വേഷണം നടത്തിയത്.