കൊച്ചി:അനധികൃത സ്വത്തുസമ്പാദനക്കേസില്‍ വിശദീകരണവുമായി സി.പി.എം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്.തനിക്ക് അനധികൃതമായ സ്വത്ത് ഇല്ലെന്ന് സാക്കിര്‍ ഹുസൈന്. പറഞ്ഞു.തന്റെ സ്വത്ത് ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാം. തന്റെ പേരില്‍ ഭൂമിയോ വാഹനമോ ഇല്ല. തനിക്ക് ബിനാമികളുമില്ല. തനിക്ക് അഞ്ച് വീടുണ്ട് എന്ന ആരോപണത്തില്‍ പാര്‍ട്ടിയാണ് അന്വേഷിക്കേണ്ടത്. തനിക്കെതിരായ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളും മറ്റും പൊതുവേദിയില്‍ പറയാന്‍ തയ്യാറല്ല. അതെല്ലാം പാര്‍ട്ടി വേദിയില്‍ മാത്രമേ പറയുവെന്നും സക്കീര്‍ ഹുസൈന് വ്യക്തമാക്കി.
പ്രളയ തട്ടിപ്പില്‍ തനിക്കെതിരെ കളമശേരിയിലെ ഒരു വിവരാവകാശ ഗുണ്ട ഉന്നയിച്ച ആരോപണങ്ങളില്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. അതില്‍ നടപടി തുടരുകയാണ്. ആ വിവരാവകാശ ഗുണ്ട ആളുകളെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നയാളാണ്. അയാള്‍ ആളുകളെ ഭീഷണിപ്പെടുത്തി തനിക്കെതിരെ പരാതി നല്‍കിയതാണ് എന്നും സാക്കിര്‍ ഹുസൈന് പറഞ്ഞു.
കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നു തന്നെ നീക്കിയതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നു സക്കീര്‍ ഹുസൈന് വ്യക്തമാക്കി. ഇതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ ജില്ലാ കമ്മറ്റിയാണ് അറിയിക്കേണ്ടത്. ജില്ലാ സെക്രട്ടറി ഇക്കാര്യത്തില്‍ പ്രതികരിക്കും. ഇപ്പോള്‍ താന്‍ സംസാരിക്കുന്നത് ഏരിയ സെക്രട്ടറിയായി ആണെന്നും സക്കീര്‍ ഹുസൈന് പറഞ്ഞു.