‘ചിലരുടേത് ശരിയാകും, ചിലരുടേത് ശരിയാവില്ല, എന്റേത് ശരിയായില്ല’ ; വിവാഹ മോചനത്തെ കുറിച്ച് നടി സാധിക
കൊച്ചി:ടെലിവിഷനിലൂടേയും സിനിമയിലൂടേയുമെല്ലാം മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് സാധിക വേണുഗോപാല്‍. സാമൂഹ്യമാധ്യമങ്ങളിലും വളരെയധികം സജീവമാണ് താരം. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചയായി മാറാറുണ്ട്. സാമൂഹിക വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള ധൈര്യം സാധിക കാണിച്ചിട്ടുണ്ട്.
തന്റെ വിവാഹമോചനത്തെ കുറിചുള്ള കാര്യങ്ങൾ ആരാധകരോട് തുറന്നുപറഞ്ഞിരിക്കുകയാണ് താരമിപ്പോൾ . അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 2015 ൽ ആയിരുന്നു സാധികയുടെ വിവാഹം നടന്നത് . എന്നാൽആ ബന്ധം അധികം നാൾ മുന്നോട്ട് പോയിരുന്നില്ല. സാധിക പ്രശസ്തയാവുന്നതിനു മുൻപായിരുന്നു വിവാഹം. അതുകൊണ്ട് പലർക്കും വിവാഹത്തെ കുറിച്ച് അറിയില്ല . വിവാഹം കഴിഞ്ഞതാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് തന്റെ വിവാഹമോചനത്തിനെ കുറിച്ച് നടി സംസാരിച്ചത്.
‘വിവാഹം കഴിഞ്ഞതാണ്. ഇപ്പോൾ സന്തോഷത്തോടെ പിരിഞ്ഞിരിക്കുകയാണ് . ചെറിയ പ്രായത്തിൽ എടുത്ത ഒരു തീരുമാനമായിരുന്നില്ല അത് . വളരെ പക്വതയോടെയാണ് വിവാഹം എന്ന തീരുമാനത്തിലേക്കെത്തിയത് . പക്ഷേ എന്തോ അത് ശരിയായില്ല. ചിലരുടേത് ശരിയാകും, ചിലരുടേത് ശരിയാവില്ല. എന്റേത് ശരിയായില്ല. ഞാൻ വിവാഹം കഴിച്ചതാണെന്ന് അറിയാത്ത ആളുകൾ ഉണ്ടെങ്കിൽ അവർ എന്നെ കുറിച്ച് അന്വേഷിക്കാത്ത ആളുകളായിരിക്കും. കാരണം എവിടെയും ഞാൻ ചിത്രങ്ങളൊന്നും മാറ്റിയിട്ടില്ല . ഗൂഗിളിൽ തിരഞ്ഞാലും കിട്ടും’, എന്നാണ് സാധിക പറഞ്ഞത് .
സംവിധായകനായ ഡി. വേണുഗോപാലിന്റെയും നടി രേണുകയുടെയും മകളായ സാധിക ഫാഷൻ മോഡലിംഗിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത് . 2012 ൽ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് താരം സിനിമാലോകത്തേക്ക് ചുവടുവെയ്ക്കുന്നത്. പിന്നീട് പത്തിലധികം സിനിമകളിൽ അഭിനയിച്ചു. നിരവധി ടെലിവിഷൻ പരമ്പരകളുടെയും ഭാഗമായിരുന്നു താരം . ഇപ്പോഴും ടെലിവിഷൻ പരിപാടികളിൽ സജീവമാണ് സാധിക.
തന്റേത് ഒരു പ്രണയ വിവാഹം ആയിരുന്നില്ലെന്ന് താരം പറയുന്നുണ്ട്. പരിചയമുള്ള ആളായിരുന്നെന്നും കുറച്ചുകാലം സംസാരിച്ചതിന് ശേഷമാണ് വിവാഹം കഴിച്ചതെന്നും താരം കൂട്ടിച്ചേർത്തു.
‘പ്രണയ വിവാഹമായിരുന്നില്ല എന്റേത് . സുഹൃത്തിന്റെ സുഹൃത്തായിരുന്നു ആൾ . ഒരു വർഷക്കാലം സംസാരിച്ച ശേഷമൊക്കെ തന്നെയാണ് വിവാഹം കഴിച്ചത്. എന്നാൽ അത് എന്തോ ശരിയായില്ല. പിരിയാൻ പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടായിരുന്നില്ല . അതങ്ങനെയങ്ങു സംഭവിച്ചു. എന്റെ പ്രശ്നങ്ങൾ കൊണ്ട് തന്നെയാകും ചിലപ്പോൾ . ചെറിയ പ്രശ്നങ്ങൾ മാറ്റിവെച്ച് വച്ച്പോകുമ്പോൾ കാലക്രമേണ അത് വലിയൊരു പ്രശ്‌നമായി മാറാം. അങ്ങനെയൊക്കെ തന്നെയാണ് ഞങ്ങൾക്കിടയിലെ സംഭവിച്ചത്’, സാധിക വ്യക്തമാക്കി.