മുംബൈ: മഹാമാരിയായ കൊവിഡില്‍ വലയുന്ന ഇന്ത്യയ്ക്ക് ഒരു കോടി രൂപ സഹായവുമായി സച്ചിന് തെണ്ടുല്‍ക്കര്‍. ‘മിഷന് ഓക്സിജന്‍’ പദ്ധതിയിലേക്ക് ആണ് സച്ചിന് ഒരു കോടി രൂപ സംഭാവന ചെയ്തത്. ഈ പണം കൊവിഡ് ആശുപത്രികളിലേക്ക് ഓക്സിജന്‍ കോണ്സെന്ട്രേറ്റുകള് ഇറക്കുമതി ചെയ്യാനായി ഉപയോഗിക്കും.
കൊവിഡ് 19ന് എതിരെ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സച്ചിന് പറഞ്ഞു. കൊവിഡ് മുക്തി നേടിയവര്‍ പ്ലാസ്മ ദാനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയയില്‍ സച്ചിന് നേരത്തെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്റെ 48ാം ജന്മദിനത്തില് ആയിരുന്നു സച്ചിന് ഈ വീഡിയോ പങ്കുവെച്ചത്.
ഇപ്പോള്‍ സമൂഹത്തിനായി ചെയ്യാന്‍ കഴിയാവുന്ന ഏറ്റവും വലിയ സേവനം പ്ലാസ്മ ദാനം ചെയ്യുക എന്നതാണെന്നും കൊവിഡ് ചികിത്സയില്‍ ആയിരുന്നു കാലയളവില്‍ ആരാധകര്‍ നല്കിയ പിന്തുണ മറക്കാന്‍ കഴിയില്ലെന്നും സച്ചിന് വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.
കൊവിഡിനെതിരായ പോരാട്ടത്തിന് ഐപിഎല്‍ ഫ്രാഞ്ചൈസികളായ രാജസ്ഥാന് റോയല്‍സ്, ദില്ലി ക്യാപിറ്റല്‍സ് എന്നിവ യഥാക്രമം 7.5 കോടി, 1.5 കോടി രൂപ സംഭാവന ചെയ്തു. ഈ ആഴ്ച ആദ്യം ഓസ്ട്രേലിയയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പേസര്‍ പാറ്റ് കമ്മിന്‍സും ഇന്ത്യന്‍ ആശുപത്രികള്‍ക്കായി ഓക്സിജന്‍ സാധനങ്ങള്‍ വാങ്ങുന്നതിന് 50,000 യുഎസ് ഡോളര്‍ സംഭാവന നല്‍കിയിരുന്നു.