ന്യൂഡല്‍ഹി: സച്ചിന്‍ പൈലറ്റിനൊപ്പമുള്ള എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ നാടകീയ രംഗങ്ങള്‍. ഡല്‍ഹിക്കു സമീപമുള്ള മനേസറിലെ ഹോട്ടലില്‍ എത്തിയ രാജസ്ഥാന്‍ പോലീസ് സംഘത്തെ ഹരിയാന പോലീസ് തടഞ്ഞു. രാജസ്ഥാന്‍ പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പാണ് വിമത എംഎല്‍എമാകെ കാണാനായി ഹോട്ടലിലെത്തിയത്. എന്നാല്‍, ഇവരെത്തിയ വാഹനം തന്നെ ഹരിയാന പൊലീസ് തടയുകയായിരുന്നു. രാജസ്ഥാന്‍ പൊലീസിനെ മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നു പറഞ്ഞാണ് ഹരിയാന പൊലീസ് വാഹനം വഴിയില്‍ തടഞ്ഞത്.
സച്ചിന്‍ പൈലറ്റിനും അനുയായികള്‍ക്കും രാജസ്ഥാന്‍ ഹൈക്കോടതിയില്‍നിന്ന് ഇടക്കാല ആശ്വാസം ലഭിച്ചതിനു പിന്നാലെയാണു പോലീസ് നീക്കം. സച്ചിനും കൂട്ടര്‍ക്കുമെതിരേ വരുന്ന ചൊവ്വാഴ്ച വരെ നടപടി എടുക്കാന്‍ പാടില്ലെന്നാണ് കോടതി നിര്‍ദേശിച്ചത്. ചിലരെ ചോദ്യം ചെയ്യാനാണ് വന്നതെന്ന് രാജസ്ഥാന്‍ പൊലീസ് അറിയിച്ചെങ്കിലും നിലപാട് മാറ്റാന്‍ ഹരിയാന പൊലീസ് തയ്യാറായില്ല. ഒടുവില്‍, ഏറെ നേരം നീണ്ട അനിശ്ചിതത്വത്തിനും വാക്തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് രാജസ്ഥാന്‍ പൊലീസിന് റിസോര്‍ട്ടില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചത്.
സ്പീക്കര്‍ നല്‍കിയ അയോഗ്യതാ നോട്ടീസിനെതിരായ സച്ചിന്‍ പൈലറ്റിന്റെ ഹര്‍ജി കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരേ പ്രവര്‍ത്തിച്ചതിന് അയോഗ്യരാക്കാതിരിക്കണമെങ്കില് വെള്ളിയാഴ്ചയ്ക്കകം കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ചയാണു സ്പീക്കര്‍ സി.പി. ജോഷി സച്ചിന്‍ പൈലറ്റിനും ഒപ്പമുള്ള എംഎല്‍എമാര്‍ക്കും നോട്ടീസ് നല്‍കിയത്.