തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്‍റെ മരണം ഐജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം വിലയിരുത്തും. ഈ ആവശ്യമുന്നയിച്ച് പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾ നേരത്തെ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റ ഐജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചത്.
ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് വെച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിന്റെ അതേ ദിശയിലെത്തിയ ടിപ്പർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ലോറി ഇന്ന് കണ്ടെത്തിയിരുന്നു. ഡ്രൈവർ പേരൂക്കട സ്വദേശി ജോയിയെ അറസ്റ്റ് ചെയ്തു. അപകടം ഉണ്ടായത് അറിഞ്ഞിട്ടും നിർത്താതെ പോയെന്നാണ് ജോയിയുടെ മൊഴി. എന്നാൽ അപകടമുണ്ടായത് അറിഞ്ഞില്ലെന്നാണ് വാഹനത്തിലുണ്ടായിരുന്ന ഉടമ മോഹനൻ പറയുന്നത്.
അപകടം നടന്ന കാരയ്ക്കാമണ്ഡലത്തിന് ഒരു കിലോ മീറ്റർ അകലെയുള്ള ഒരു കടയിലെ സിസിടിവി ദൃശ്യത്തിൽ നിന്നാണ് വാഹനത്തിൻറെ നമ്പർ പൊലീസിന് വ്യക്തമായത്. തുടർന്നു നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്. അപകടം നടന്ന വിവരം അറിഞ്ഞുവെങ്കിലും വാഹനം നിർത്തിയാൽ ആക്രമിക്കപ്പെടുമെന്ന ഭയന്നാണ് നിർത്താതെ പോയതെന്നാണ് ഡ്രൈവർ ജോയിയുടെ മൊഴി