ഇടുക്കി: തനിക്ക് നേരെയുണ്ടായ ജാതീയ വിമര്‍ശനത്തിന് എം.എം മണിക്ക് മറുപടിയുമായി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എല്ലാവര്‍ക്കും എല്ലാവരുടെയും ജാതി അറിയാം. 2021ല്‍ പരസ്യമായി ജാതി പറഞ്ഞാണ് മൂന്നാറില്‍ പാര്‍ട്ടി വോട്ടുപിടിച്ചത്. ജാതി സമവായം എന്ന പേരില്‍ പറയനും പള്ളനും എന്നൊക്കെ എടുത്തുപറഞ്ഞു. എംഎം മണിയെ പേടിച്ചല്ല വാര്‍ത്താ സമ്മേളനം മാറ്റിവച്ചത്. വാര്‍ത്താ സമ്മേളനം നടത്തേണ്ട സാഹചര്യം വന്നാല്‍ നടത്തുമെന്ന് എസ് രാജേന്ദ്രന്‍ പ്രതികരിച്ചു.
എസ് രാജേന്ദ്രന്‍ എം എല്‍ എ ആയത് സംവരണത്തിന്റെ ആനുകുല്യത്തിലെന്നായിരുന്നു എം എം മണിയുടെ പരാമര്‍ശം. സംവരണ സീറ്റില്‍ ജാതി നോക്കിയാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത്. രാജേന്ദ്രന്‍ ബ്രാഹ്‌മണന്‍ ആയത് കൊണ്ടല്ല, സംവരണ വിഭാഗക്കാരനായത് കൊണ്ടാണ് സ്ഥാനാര്‍ത്ഥിയായാത്. 15 കൊല്ലം എം എല്‍ എ ആയി നടന്നതും ജാതീയമായ പരിഗണന ലഭിച്ചത് കൊണ്ട്. പാര്‍ട്ടിക്കെതിരെ പറഞ്ഞാല്‍ രാജേന്ദ്രനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും എം എം മണി പറഞ്ഞു.
അതേസമയം തനിക്കെതിരായ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തല്‍ ശരിയല്ലെന്ന് എസ്. രാജേന്ദ്രന്‍ നേരത്തെ വ്യക്തമാക്കുകയുണ്ടായി. ദേവികുളത്ത് ജാതി വിഷയം ചര്‍ച്ചയാക്കിയത് താനല്ല പാര്‍ട്ടിയാണ്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കാലങ്ങളായി ചിലര്‍ ശ്രമിച്ചിരുന്നുവെന്നും എസ്. രാജേന്ദ്രന്‍ പറഞ്ഞു. താന്‍ ആരോടും ജാതി പറഞ്ഞില്ല. ദേവികുളത്ത് ജാതി വിഷയം എടുത്തിട്ടത് താനല്ല. ജില്ല നേതാക്കള്‍ തനിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് കരുതുന്നില്ല എന്നുമായിരുന്നു രാജേന്ദ്രന്റെ വാക്കുകള്‍.