ചെന്നൈ: കേരളത്തില്‍ നിന്നു വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിര്‍ത്തി കടത്തിവിടുകയുള്ളൂ എന്ന വാര്‍ത്തയെ തുടര്‍ന്ന് ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ തമിഴ്നാട് സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് മറുപടി ലഭിച്ചത്.
കഴിഞ്ഞ മാസമാണ് കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് തമിഴ്നാട് നിയന്ത്രണമേര്‍പ്പെടുത്തിയെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റും ക്വാറന്റീനും നിര്‍ബന്ധമാക്കിയിരുന്നു.
എന്നാല്‍ തമിഴ്‌നാടിന്റെ ഇ-പാസ് ഉള്ളവരെ മാത്രമേ സംസ്ഥാനത്തേക്ക് കടത്തിവിടൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കുളള യാത്രക്ക് നിയന്ത്രണങ്ങളില്ല.
അതേസമയം കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടകയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ശാസനയുമയി കര്‍ണാടക ഹൈക്കോടതി രംഗത്ത് വന്നു. നിയന്ത്രണം കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയ കര്‍ണാടക ചീഫ് ജസ്റ്റീസ്, കര്‍ണാടക സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
25 ചെക്ക്‌പോസ്റ്റുകളുണ്ടായിട്ടും നാല് എണ്ണത്തില്‍ കൂടി മാത്രം ആളുകളെ കടത്തിവിടുന്ന നടപടി എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. കാസര്‍ഗോഡ് വഴി വരുന്നവര്‍ക്ക് മാത്രം നിയന്ത്രണമേര്‍പ്പെടുത്തിയത് പരിഹാസ്യമാണെന്നും കോടതി കണ്ടെത്തി. സംഭവത്തില്‍ ദക്ഷിണ കന്നഡ കളക്ടറോട് വിശദീകരണവും കോടതി തേടി. കേസ് മാര്‍ച്ച് 18ന് വീണ്ടും പരിഗണിക്കും.